ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ പുതിയ വഴിത്തിരിവ്. മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂൺ അബ്ദുൾ നാസറിന്റെ അറസ്റ്റോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് എന്നീ വിഷയങ്ങളുടെ ചോദ്യപേപ്പറുകൾ ചോർത്തിയതായി സ്ഥിരീകരിച്ചു. അബ്ദുൾ നാസർ എം എസ് സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന് വാട്സാപ്പ് വഴിയാണ് ചോദ്യപേപ്പർ കൈമാറിയത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ ചോദ്യപേപ്പറുകളും ചോർത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചില്ല.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻകുട്ടി അറിയിച്ചു. തെളിവ് നശിപ്പിക്കുന്നതിനായി ഇരുവരും തങ്ങളുടെ ഫോണുകൾ ഫോർമാറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ അധികൃതർ പരീക്ഷാ പേപ്പർ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് മേൽമുറി മഅ്ദിൻ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു എം എസ് സൊല്യൂഷൻസിലെ അധ്യാപകൻ ഫഹദ്.
എം എസ് സൊല്യൂഷൻസിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ നാലാം പ്രതിയാണ് അബ്ദുൾ നാസർ. മുഖ്യപ്രതിയായ എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മലപ്പുറത്തെ എയ്ഡഡ് സ്ഥാപനമായ മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്കൂളിലാണ് ചോദ്യപേപ്പർ ചോർച്ച നടന്നത്.
Story Highlights: Pyoon arrested in Christmas exam paper leak case in Malappuram.