അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് ഇറക്കുമതി ചുങ്കത്തിന്റെ കാര്യത്തിൽ മുന്നറിയിപ്പ് നൽകി. ഇന്ത്യ വലിയ ഇറക്കുമതി ചുങ്കം ചുമത്തുന്നുവെന്ന് ട്രംപ് ആരോപിച്ചു. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഈ പരാമർശം നടത്തിയത്. ഏപ്രിൽ രണ്ട് മുതൽ പരസ്പര പൂരകമായ നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് വലിയ നികുതി ചുമത്തുന്ന രാജ്യങ്ങൾക്ക് മേൽ അതേ നികുതി തന്നെ തിരിച്ചും ഏർപ്പെടുത്തുമെന്ന് ട്രംപ് അറിയിച്ചു. ജോ ബൈഡന്റെ ഭരണകാലത്ത് 21 മില്യൺ ആളുകൾ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയെന്നും ട്രംപ് പറഞ്ഞു. യുഎസ്- മെക്സിക്കോ അതിർത്തിയിൽ 7 മില്യൺ പേർ അറസ്റ്റിലായി.
ട്രംപ് കോൺഗ്രസിനെ അഭിസംബോധന ചെയ്തത് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗങ്ങളിലൊന്നായിരുന്നു. കുടിയേറ്റ പ്രശ്നങ്ങൾ, ലഹരി, ലിംഗമാറ്റം, ഇറക്കുമതിച്ചുങ്കം, യുക്രൈനുമായുള്ള കരാർ, പനാമ കനാൽ ഇടപാട് തുടങ്ങി നിരവധി വിഷയങ്ങൾ ട്രംപ് പരാമർശിച്ചു. അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നത് തുടരുമെന്ന് ട്രംപ് ആവർത്തിച്ചു.
മയക്കുമരുന്ന് മാഫിയകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കുമെന്നും കുട്ടികളിലെ ലിംഗമാറ്റം കുറ്റകരമാക്കുന്ന നിയമം പാസാക്കുമെന്നും ട്രംപ് പറഞ്ഞു. ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ അമേരിക്ക തയ്യാറാകുകയാണെന്നും പനാമ കനാൽ തിരിച്ചെടുക്കുന്നതിനുള്ള നീക്കങ്ങൾ അമേരിക്ക ആരംഭിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. നികുതിയുമായി ബന്ധപ്പെട്ട് യുഎസ് സമ്പദ് വ്യവസ്ഥ നിലവിൽ ചെറിയ ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ട്രംപ് സമ്മതിച്ചു.
യുക്രൈനുമായുള്ള കരാർ അലസിപ്പിരിഞ്ഞതിന് പിന്നാലെ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി നടത്തിയ മാപ്പപേക്ഷ താൻ അംഗീകരിക്കുന്നതായും ട്രംപ് വ്യക്തമാക്കി. എന്നാൽ വൈകാതെ തന്നെ ആഭ്യന്തര വ്യവസായങ്ങൾക്ക് ഉണർച്ച ലഭിക്കാൻ പോകുകയാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Story Highlights: Donald Trump warned India about import tariffs during his address to the US Congress.