കൊല്ലം നഗരത്തിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളിൽ നിന്നുള്ള ദീപശിഖാ യാത്രകൾ സംഗമിച്ച് പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ്ഥാപിക്കും. സംസ്ഥാനത്ത് കണ്ണൂർ കഴിഞ്ഞാൽ സിപിഐഎമ്മിന് കൂടുതൽ സംഘടന സംവിധാനമുള്ള കൊല്ലത്ത് സമ്മേളനത്തിനെത്തുന്ന പ്രതിനിധികളെ വരവേൽക്കാൻ നഗരം ഒരുങ്ങിക്കഴിഞ്ഞു. ബ്രാഞ്ച് തലം മുതൽ ജില്ലാതലം വരെയുള്ള സമ്മേളനങ്ങൾ പൂർത്തിയാക്കി, വിഭാഗീയ നീക്കങ്ങൾ മുളയിലെ നുള്ളിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഐഎം കടക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര – പതാക ജാഥകൾ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമത്ത് സീതാറാം യെച്ചൂരി നഗറിൽ സംഗമിക്കും. പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപിഐഎം കോ ഓർഡിനേറ്റർ, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയർമാനുമായ കെ.എൻ.ബാലഗോപാൽ പതാക ഉയർത്തും.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഉൾപ്പെടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ ജില്ലകളിൽ നിന്നുമായി 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേർ സമ്മേളനത്തിന്റെ ഭാഗമാകും. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നത്.
Story Highlights: The CPIM State Conference commences today in Kollam, marking the first such event in the city in three decades.