കേരള രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ ഒരുങ്ങി ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (CASA). രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ പൂർത്തിയായതായി കാസ ഭാരവാഹികൾ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സ്വാധീനമുള്ള മേഖലകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്താനും സാധ്യതയുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിലെ കണക്കുകൾ വിശദമായി പരിശോധിച്ചാണ് പഠനം നടത്തിയത്. 120 നിയോജക മണ്ഡലങ്ങളിലും കമ്മിറ്റികൾ പ്രവർത്തനം ആരംഭിക്കും.
കേരള കോൺഗ്രസിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കാസ വിലയിരുത്തി. കേരള കോൺഗ്രസിന് തിരിച്ചുവരവ് സാധ്യമല്ലെന്നും വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും കാസ അഭിപ്രായപ്പെട്ടു. മറ്റിടങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പിന്തുണയ്ക്കാനും ആലോചനയുണ്ട്. പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ദേശീയതയ്ക്കൊപ്പം നിൽക്കുന്ന, കറകളഞ്ഞ വലതുപക്ഷ രാഷ്ട്രീയ പാർട്ടിക്കുള്ള ഇടം കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും കാസ ചൂണ്ടിക്കാട്ടി. ഭാവിയിൽ അനുകൂല സാഹചര്യങ്ങൾ ഒത്തുവരികയും രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കേണ്ടത് ആവശ്യമായി വരികയും ചെയ്താൽ അപ്പോൾ തീരുമാനമെടുക്കുമെന്ന് കാസ സംസ്ഥാന പ്രസിഡന്റ് കെവിൻ പീറ്റർ പറഞ്ഞു. കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ സാധ്യതയെക്കുറിച്ച് വളരെ വിശദമായി പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: CASA is considering forming a political party and fielding independent candidates in the upcoming local body elections in Kerala.