മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പെരുമാറ്റത്തെ കുറ്റപ്പെടുത്തിയ മയിലാടുതുറൈ ജില്ലാ കളക്ടർ എ.പി. മഹാഭാരതിയെ തമിഴ്നാട് സർക്കാർ സ്ഥലം മാറ്റി. പോക്‌സോ കേസിൽ ഇരയായ കുട്ടി പ്രതിയുടെ മുഖത്ത് തുപ്പിയതായി താൻ കണ്ട റിപ്പോർട്ടിൽ ഉണ്ടെന്നും കുട്ടിയുടെ തെറ്റായ പെരുമാറ്റമാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നും കളക്ടർ പറഞ്ഞു. ഈ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി.
പൊതുവേദിയിൽ ലൈംഗിക അതിക്രമത്തിന് ഇരയായ കുട്ടിയെക്കുറിച്ച് ഇത്തരത്തിൽ പരാമർശം നടത്തിയതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്. ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇത്തരത്തിൽ ചിന്തിക്കുന്നത് എങ്ങനെയെന്ന് ചോദ്യങ്ങളും ഉയർന്നു. മഹാഭാരതിയുടെ സ്ഥലംമാറ്റ ഉത്തരവിൽ പുതിയ ചുമതലയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
പോക്സോ കേസുകൾക്ക് രണ്ട് വശങ്ങളുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കളക്ടർ കുട്ടിയെ കുറ്റപ്പെടുത്തുന്ന പരാമർശം നടത്തിയത്. 16 വയസ്സുകാരനാണ് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചത്. ഒരു ബോധവൽക്കരണ പരിപാടിയിലാണ് മഹാഭാരതി വിവാദ പരാമർശം നടത്തിയത്. ഈ പരാമർശത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
Story Highlights: Mayiladuthurai District Collector transferred for blaming a 3-year-old sexual assault victim’s behavior.