ദ്വാരകയിലെ ഭിധ്ഭഞ്ജൻ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ശിവലിംഗം മോഷണം പോയ സംഭവത്തിൽ ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ശിവലിംഗം സ്ഥാപിച്ചാൽ ഐശ്വര്യം വരുമെന്ന സ്വപ്നത്തിന്റെ പേരിലാണ് കുടുംബം മോഷണത്തിനിറങ്ങിയത്. ശിവരാത്രിയുടെ തലേദിവസമാണ് മോഷണം നടന്നത്. മോഷണ വിവരം പുറത്തറിഞ്ഞതോടെ പ്രദേശത്ത് വൻ പ്രതിഷേധമാണ് ഉണ്ടായത്.
മോഷണത്തിന് പിന്നിൽ സബർകാന്ത ഗ്രാമത്തിലെ മഹേന്ദ്ര മക്വാനയുടെ കുടുംബമാണെന്ന് പോലീസ് കണ്ടെത്തി. മഹേന്ദ്രയുടെ അനന്തരവളാണ് വീട്ടിൽ ശിവലിംഗം സ്ഥാപിച്ചാൽ ഐശ്വര്യം വരുമെന്ന് സ്വപ്നം കണ്ടത്. ഈ സ്വപ്നത്തിന്റെ പിന്നാലെയാണ് കുടുംബം മോഷണത്തിനിറങ്ങിയത്. ശിവരാത്രിക്ക് മുൻപുള്ള ദിവസങ്ങളിൽ കുടുംബത്തിലെ 7-8 അംഗങ്ങൾ ദ്വാരകയിലെത്തി ക്ഷേത്രവും പരിസരവും നിരീക്ഷിച്ചു.
രണ്ട് വാഹനങ്ങളിലായെത്തിയ സംഘം അവസരം ലഭിച്ചയുടൻ ശിവലിംഗം മോഷ്ടിച്ച് വീട്ടിൽ പ്രതിഷ്ഠിക്കുകയായിരുന്നു. മോഷണത്തിന് ശേഷം ശിവലിംഗം കടലിൽ എറിഞ്ഞതായും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസും സ്കൂബ ഡൈവിംഗ് സംഘവും കടലിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
പ്രതികളായ രമേശ്, അദ്ദേഹത്തിന്റെ അനന്തരവൻമാരായ മനോജ് മക്വാന, വനരാജ് സിംഗ് മക്വാന, കൂട്ടാളി ജഗത് സിംഗ് മക്വാന എന്നിവരെയും മൂന്ന് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ശിവലിംഗം വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തതായി ദ്വാരക ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കുടുംബത്തെ ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: A family in Dwarka stole a Shivalinga from a temple believing it would bring them wealth after a family member dreamt about it.