മന്ത്രിസഭയുടെ വിചിത്ര നിയമന ശുപാർശയ്ക്ക് തിരിച്ചടി നേരിട്ടു. ബോഡി ബിൽഡിങ് താരങ്ങളായ ഷിനു ചൊവ്വ, ചിത്തരേഷ് നടേശൻ എന്നിവരെ പോലീസിൽ ഇൻസ്പെക്ടർമാരായി നിയമിക്കാനുള്ള നീക്കമാണ് തിരിച്ചടി നേരിട്ടത്. കായികക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ പരാജയപ്പെട്ടതാണ് നിയമന ശുപാർശയ്ക്ക് തിരിച്ചടി നൽകിയത്.
ചിത്തരേഷ് നടേശൻ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്തില്ല. 100 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ്, ഹൈജമ്പ്, 1500 മീറ്റർ ഓട്ടം എന്നിവയിലാണ് ഷിനു ചൊവ്വ പരാജയപ്പെട്ടത്.
നിലവിലെ ചട്ടങ്ങൾ മറികടന്നാണ് ബോഡി ബിൽഡിങ് താരങ്ങളെ പോലീസിൽ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ആംഡ് ബറ്റാലിയൻ ഇൻസ്പെക്ടർമാരായി കായികതാരങ്ങളെ നിയമിക്കരുതെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് ഈ നിയമനം. മന്ത്രിസഭാ യോഗത്തിലാണ് ഈ വിചിത്ര നിയമനത്തിന് അംഗീകാരം നൽകിയത്.
നിരവധി കായിക താരങ്ങൾ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് മാനദണ്ഡങ്ങൾ ലംഘിച്ച് ബോഡി ബിൽഡിങ് താരങ്ങൾക്ക് നിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. ദക്ഷിണ കൊറിയയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിലെ മിസ്റ്റർ യൂണിവേഴ്സാണ് കൊച്ചിക്കാരനായ ചിത്തരേഷ് നടേശൻ.
ബോഡി ബിൽഡിങ് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരനാണ് കണ്ണൂരുകാരനായ ഷിനു ചൊവ്വ. ബോഡി ബിൽഡിങ് താരങ്ങളെ ആംഡ് പോലീസ് ഇൻസ്പെക്ടർമാരായി നിയമിച്ചതിനെതിരെ മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ രംഗത്തെത്തിയിരുന്നു.
ഈ നിയമനത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. യോഗ്യരായ നിരവധി കായിക താരങ്ങൾ ജോലിക്ക് കാത്തിരിക്കുമ്പോഴാണ് ഈ വിചിത്ര നിയമനമെന്നായിരുന്നു വിമർശനം.
Story Highlights: Shinu Chovva, recommended for a police inspector position, failed the physical fitness test.