കേരളത്തിൽ താൻ തുടരുമെന്നും, രാഷ്ട്രീയത്തിലേക്ക് മടങ്ങുമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഗവർണർ സി.വി. ആനന്ദബോസ്. കൊല്ലത്ത് സ്ഥാനാർത്ഥിയാകാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും തനിക്ക് കേരളത്തിലെ എല്ലാവരും ഒരുപോലെയാണെന്ന് അദ്ദേഹം പറഞ്ഞു. കാക്കനാട് ട്വന്റിഫോർ ആസ്ഥാനം സന്ദർശിച്ച ശേഷം ‘മീറ്റ് ദ ഗവർണർ’ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരും എഡിറ്റർ ഇൻ ചാർജ് പി.പി. ജെയിംസും ചേർന്ന് ഗവർണറെ സ്വീകരിച്ചു. സ്റ്റുഡിയോയും ന്യൂസ് ഡെസ്കും സന്ദർശിച്ച ഗവർണർ ജീവനക്കാരുമായി സൗഹൃദം പങ്കിട്ടു.
ഭരണത്തിന്റെ മുഖം മുഖ്യമന്ത്രിയായിരിക്കണമെന്നും തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കെതിരെ ഗവർണർ നിലപാട് എടുക്കുന്നത് ശരിയല്ലെന്നും ഗവർണർ അഭിപ്രായപ്പെട്ടു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി തനിക്ക് ഭിന്നതകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മമതയുടെ രാഷ്ട്രീയവുമായി തനിക്ക് ബന്ധമില്ലെന്നും, ചട്ടിയും കലവുമാകുമ്പോൾ തട്ടും മുട്ടും എന്നും അദ്ദേഹം പറഞ്ഞു. മൺകുടം ഉടയും; പൊൻകുടം ഉടയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമബംഗാൾ പൊലീസിലെ ഒരു വിഭാഗം ക്രിമിനലുകളെപ്പോലെയാണ് പെരുമാറുന്നതെന്നും ഗവർണർ ആരോപിച്ചു. തിരഞ്ഞെടുപ്പ് അക്രമങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് ബംഗാളിലാണെന്നും അദ്ദേഹം വിമർശിച്ചു.
ആർഎസ്എസിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് കോവിഡ് കാലഘട്ടത്തിൽ മാറിയെന്നും ജസ്റ്റിസ് കെ.ടി. തോമസിന്റെ അഭിപ്രായങ്ങളാണ് തനിക്ക് പ്രചോദനമായതെന്നും ഗവർണർ പറഞ്ഞു. ഗാന്ധി വധത്തിൽ ആർഎസ്എസിന് പങ്കില്ലെന്നും ആർഎസ്എസ് ഒരു രാഷ്ട്രീയ കക്ഷിയല്ല, റെഡി ഫോർ സോഷ്യൽ സർവീസ് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Story Highlights: West Bengal Governor C.V. Ananda Bose visited the TwentyFour studio in Kakkanad and interacted with the staff.