കൈക്കൂലി കേസിൽ എറണാകുളം ആർടിഒ ജഴ്സൺ റിമാൻഡിൽ. സ്വകാര്യ ബസിന്റെ പെർമിറ്റ് പുതുക്കി നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ജഴ്സണെയും സഹായികളെയും പിടികൂടിയത്. ഫോർട്ട് കൊച്ചി ചെല്ലാനം റൂട്ടിലോടുന്ന ബസിന്റെ ഉടമയിൽ നിന്നാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 14 ദിവസത്തേക്കാണ് ജഴ്സണെ റിമാൻഡ് ചെയ്തിരിക്കുന്നത്.
വിജിലൻസ് സംഘം ജഴ്സന്റെ അഞ്ച് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കൈക്കൂലി ഇടപാടുകളുടെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലെ ഇടനിലക്കാരന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ജഴ്സന്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തതിന്റെ ചെല്ലാൻ കണ്ടെടുത്തു. ജഴ്സന്റെ ഭാര്യയുടെ അക്കൗണ്ടും മരവിപ്പിക്കാൻ വിജിലൻസ് നടപടി ആരംഭിച്ചു.
ജഴ്സണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 84 ലക്ഷം രൂപയുടെ നിക്ഷേപ രേഖകൾ കണ്ടെടുത്തു. കൈക്കൂലിയിലൂടെ സമ്പാദിച്ച പണം സൂക്ഷിച്ചിരുന്നതായി സംശയിക്കുന്ന ലോക്കർ വിജിലൻസ് സീൽ ചെയ്തു. 15 മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ 64,000 രൂപ റബ്ബർ ബാൻഡുകൾ കെട്ടി പ്രത്യേകമായി സൂക്ഷിച്ച നിലയിലും കണ്ടെത്തി. കേസിൽ അറസ്റ്റിലായ രണ്ട് ഇടനിലക്കാരുടെ വീടുകളിലും വിജിലൻസ് പരിശോധന നടത്തി.
വീട്ടിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചതിന് ജഴ്സണിനെതിരെ പുതിയ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എളമക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 49 കുപ്പി വിദേശമദ്യമാണ് വീട്ടിൽ നിന്ന് പിടികൂടിയത്. അബ്കാരി നിയമപ്രകാരമാണ് കേസ്.
ജഴ്സണിന്റെ ബന്ധുക്കളുടെ പേരിൽ വാങ്ങിയ ഭൂമിയുടെ വിവരങ്ങളും മുൻപ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജിലൻസ് എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കൈക്കൂലി വാങ്ങുന്നതിനിടെ ആർടിഒയെയും സഹായികളെയും വിജിലൻസ് പിടികൂടി. സ്വകാര്യ ബസിന്റെ പെർമിറ്റ് പുതുക്കുന്നതിനാണ് കൈക്കൂലി വാങ്ങിയത്. ജഴ്സന്റെ പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകളും വിജിലൻസ് മരവിപ്പിച്ചു.
Story Highlights: Ernakulam RTO Jerson arrested by Vigilance for accepting bribe for bus permit renewal.