കേരളത്തിലെ ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)ക്ക് സംസ്ഥാന സർക്കാർ 300 കോടി രൂപ അധികമായി അനുവദിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ പദ്ധതിക്കായി 978.54 കോടി രൂപയാണ് ചെലവഴിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ കാസ്പിനായി ആകെ 4267 കോടി രൂപയാണ് നൽകിയിട്ടുള്ളത്. അടുത്ത സാമ്പത്തിക വർഷത്തേയ്ക്ക് 700 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
കാസ്പ് പദ്ധതി പ്രകാരം, ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാണ്. ഈ പദ്ധതിയിൽ നിലവിൽ 41.99 ലക്ഷം കുടുംബങ്ങൾക്ക് അംഗത്വമുണ്ട്. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായമോ പരിഗണിക്കാതെയാണ് പദ്ധതിയിൽ അംഗത്വം നൽകുന്നത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്.
കാസ്പ് പദ്ധതിയിൽ 18.02 ലക്ഷം കുടുംബങ്ങളുടെ വാർഷിക പ്രീമിയം 1050 രൂപ പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുന്നു. 23.97 ലക്ഷം കുടുംബങ്ങളുടെ വാർഷിക പ്രീമിയത്തിൽ 418.80 രൂപ സംസ്ഥാന സർക്കാരും ബാക്കി തുക കേന്ദ്ര വിഹിതവുമാണ്. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്ക് മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും.
സർക്കാർ, സ്വകാര്യ ആശുപത്രികൾ എന്ന വ്യത്യാസമില്ലാതെ കേരളത്തിലുടനീളമുള്ള 197 സർക്കാർ ആശുപത്രികളും, നാല് കേന്ദ്ര സർക്കാർ ആശുപത്രികളിലും, 364 സ്വകാര്യ ആശുപത്രികളിലുമായി കാസ്പ് സേവനം ലഭ്യമാണ്. പദ്ധതിയിൽ അംഗത്വം നേടുന്നതിന് യാതൊരു ഫീസും ഈടാക്കുന്നില്ല. സേവനം പൂർണമായും സൗജന്യമാണ്.
കാസ്പ് പദ്ധതി പ്രകാരം മരുന്നുകൾ, അനുബന്ധ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തീയറ്റർ ചാർജുകൾ, ഐസിയു ചാർജ്, ഇംപ്ലാന്റ് ചാർജുകൾ എന്നിവയും ഉൾപ്പെടും. 25 സ്പെഷ്യാലിറ്റികളിലായി 1667 പാക്കേജുകളും സർക്കാർ വിഭാവനം ചെയ്ത 89 പാക്കേജുകളിലും സൗജന്യ ചികിത്സ ലഭ്യമാണ്. പാക്കേജുകളിൽ ഉൾപ്പെടുത്താത്ത ചികിത്സകൾക്ക് അൺസ്പെസിഫൈഡ് പാക്കേജുകൾ ഉപയോഗിക്കാം.
ചികിത്സ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പുമുതലുള്ള ചികിത്സാ ചെലവും, ആശുപത്രി വിടുമ്പോൾ 15 ദിവസത്തേക്കുള്ള മരുന്നുകളും പദ്ധതിയിലൂടെ ലഭ്യമാണ്. കാസ്പ് ഗുണഭോക്താക്കൾ അല്ലാത്തവർക്കും, വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങൾക്കും കാരുണ്യ ബെനവലന്റ് ഫണ്ട് സ്കീം വഴി രണ്ട് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാണ്. കിഡ്നി സംബന്ധമായ അസുഖങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ലഭ്യമാണ്. കാസ്പ് ചികിത്സ ലഭിക്കുന്ന എല്ലാ ആശുപത്രികളിലും കെബിഎഫ് ആനുകൂല്യവും ലഭ്യമാണ്.
Story Highlights: Kerala government allocates additional Rs 300 crore for Karunya Arogya Suraksha Padhathi (KASP).