അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ട 119 ഇന്ത്യൻ കുടിയേറ്റക്കാരുമായി രണ്ടാമത്തെ വിമാനം ഇന്ന് അർദ്ധരാത്രിയോടെ അമൃത്സറിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങുക. കഴിഞ്ഞ തവണ 104 ഇന്ത്യക്കാരെ അമേരിക്ക സൈനിക വിമാനത്തിൽ വിലങ്ങണിയിച്ച് എത്തിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യ ആശങ്ക അറിയിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വിഷയം ചർച്ച ചെയ്യുകയും ചെയ്തു.
ഈ സംഘത്തിൽ പഞ്ചാബിൽ നിന്നുള്ള 67 പേരും ഹരിയാനയിൽ നിന്നുള്ള 33 പേരും ഉൾപ്പെടുന്നു. ഗുജറാത്ത്, ഉത്തർപ്രദേശ്,മഹാരാഷ്ട്ര,ഗോവ,രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ സംഘത്തിലുണ്ട്. കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഞായറാഴ്ച എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
തിരിച്ചെത്തുന്നവരെ സ്വീകരിക്കുന്നതിനായി അമൃത്സറിലെ വിമാനത്താവളത്തിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ ഉണ്ടാകും. അമേരിക്കയിൽ നിയമവിരുദ്ധമായി കഴിയുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായാണ് രണ്ടാമത്തെ വിമാനം എത്തുന്നത്.
Story Highlights: 119 Indian deportees from the US are expected to arrive in Amritsar tonight.