പത്തനംതിട്ടയിൽ പതിനാലുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. കഴിഞ്ഞ സെപ്റ്റംബർ 15ന് പുലർച്ചെ ഒരുമണിയോടെ പത്തനംതിട്ട കോളേജ് ജംഗ്ഷന് സമീപമുള്ള ഹിൽ റോക്ക് ലോഡ്ജിലെ മുറിയിൽ വച്ചായിരുന്നു സംഭവം. ലോഡ്ജ് മുറിയിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ വിളിച്ചുണർത്തി കട്ടിലിൽ നിന്നും വലിച്ചിട്ട ശേഷം അമ്മയുടെ മുമ്പിൽ വച്ചാണ് പീഡനം നടന്നത്.
പെൺകുട്ടിയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന ജയ്മോൻ (42), തിരുവനന്തപുരം പള്ളിച്ചൽ സ്വദേശിനിയായ അമ്മ (44) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജയ്മോൻ. മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പത്തനംതിട്ട പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. റാന്നി അങ്ങാടിക്കൽ ഉന്നക്കാവ് പള്ളിനടയിൽ ആണ് ജയ്മോൻ താമസിക്കുന്നത്.
രണ്ടാം പ്രതിയായ അമ്മയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. സംഭവം പുറത്തു പറയാതെ അമ്മ ജയ്മോനെ സഹായിച്ചു. ചൈൽഡ് വെൽഫയർ കമ്മിറ്റി മുഖേനയാണ് സംഭവം പുറത്തറിഞ്ഞത്. കൗൺസിലിംഗിലൂടെയാണ് കുട്ടി നേരിട്ട ക്രൂര പീഡനങ്ങൾ വെളിവാക്കിയത്.
പത്തനംതിട്ട പൊലീസ് ഇൻസ്\u200cപെക്ടർ ഡി ഷിബുകുമാർ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ബലാത്സംഗത്തിനും പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരവും ബാലനീതി നിയമപ്രകാരവും പട്ടികജാതി പീഡന നിരോധനനിയമപ്രകാരവുമാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Story Highlights: A 14-year-old girl was brutally raped in Pathanamthitta, with her mother allegedly complicit in the crime.