46 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം, കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസ് ആശുപത്രി വിട്ടു. ഡിസംബർ 29ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മൃദംഗനാദം എന്ന ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയാണ് അപകടം. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 നർത്തകർ പങ്കെടുത്ത പരിപാടിയിനിടെയാണ് അശാസ്ത്രീയമായി നിർമിച്ച സ്റ്റേജിൽ നിന്നും ഉമ തോമസ് വീണത്.
പതിനഞ്ചടി ഉയരത്തിൽ നിന്ന് കോൺക്രീറ്റ് സ്ലാബിലേക്ക് വീണ എംഎൽഎയ്ക്ക് വാരിയെല്ല് പൊട്ടുകയും തലച്ചോറിന് പരുക്കേൽക്കുകയും ചെയ്തു. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ടും ഉണ്ടായിരുന്നു. 46 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ഇപ്പോൾ എംഎൽഎ വീട്ടിലേക്ക് മടങ്ങുന്നത്. കുറച്ച് ആഴ്ചകൾ കൂടി വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ഉമാ തോമസ് നന്ദി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎ നന്ദി പ്രകടിപ്പിച്ചത്. അപകടത്തെ തുടർന്ന് പൊതുപ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന ഉമ തോമസ് ഇനി വിശ്രമത്തിനു ശേഷം തിരിച്ചെത്തും. തൃക്കാക്കരയിലെ വികസന പ്രവർത്തനങ്ങളിൽ ഉമാ തോമസിന്റെ സാന്നിധ്യം പ്രധാനമാണ്.
Story Highlights: Thrikkakara MLA Uma Thomas, injured in a stage collapse during a dance performance, has been discharged after 46 days in the hospital.