കോവളം വിഴിഞ്ഞം പിറവിളാകം ക്ഷേത്രത്തിൽ വെച്ച് അമേരിക്കക്കാരനായ ഡൊമനിക് കാമില്ലോ വോളിനിയും ഡെന്മാർക്കുകാരിയായ കാമില ലൂയിസ് ബെല് മദാനിയും വിവാഹിതരായി. ബുധനാഴ്ച രാവിലെ 10നും 10.25നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട്. ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിൽ കൊട്ടും കുരവയും വാദ്യമേളങ്ങളും അടക്കം കേരളീയ ആചാരങ്ങളെല്ലാം പാലിച്ചു.
കേരളത്തിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. കേരളത്തെ കുറിച്ച് പഠിക്കാനെത്തിയ ഡൊമനിക്കിനായിരുന്നു ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന ആഗ്രഹം. തുടർന്ന് കാമിലയും ഇതിന് സമ്മതം മൂളുകയായിരുന്നു.
കേരളീയ സംസ്കാരത്തെ അറിയാനും അതിൽ പങ്കാളികളാകാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. പട്ടുസാരിയും മുല്ലപ്പൂവും അണിഞ്ഞ വധുവും കസവുമുണ്ടും ഷർട്ടും ധരിച്ച വരനും മനോഹരമായ കാഴ്ചയായിരുന്നുവെന്ന് വിവാഹത്തിൽ പങ്കെടുത്തവർ പറഞ്ഞു.
കേരള രീതിയിലുള്ള വിവാഹ ക്ഷണക്കത്ത് അടിച്ച് കേരളത്തിലെ സുഹൃത്തുക്കളെ ഉൾപ്പെടെ ക്ഷണിച്ചായിരുന്നു വിവാഹം. ക്ഷണം സ്വീകരിച്ചെത്തിയ സുഹൃത്തുക്കളും നാട്ടുകാരും അടക്കം നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. ക്ഷേത്ര സന്നിധിയിലെ കതിർമണ്ഡപത്തിൽ വെച്ചായിരുന്നു കല്ല്യാണം.
വിവാഹശേഷം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഡൊമിനിക്കിനെ കാമിലയുടെ മാതാപിതാക്കളും സുഹൃത്തുക്കളും ബൊക്കെയും ഹാരവുമണിയിച്ച് സ്വീകരിച്ചു. രണ്ടര വർഷമായി കോവളത്ത് കളരി അഭ്യസിക്കുകയാണ് ഡൊമനിക്കും കാമിലയും.
Story Highlights: An American man and a Danish woman tied the knot in a traditional Hindu ceremony at Vizhinjam Piravilakam Temple in Kovalam.