രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാൻ കഴിയില്ലെന്ന സുപ്രീംകോടതി വിധിയെ പുകഴ്ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതേക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
മനുഷ്യർ ഭിക്ഷാടകരാകുന്നത് ആഗ്രഹിച്ചിട്ടല്ലെന്നും ദാരിദ്ര്യവും പട്ടിണിയും അവരെ നിർബന്ധിതരാക്കുകയാണെന്നും മുഖ്യമന്ത്രി പോസ്റ്റിൽ പറഞ്ഞു. ദരിദ്രരായ മനുഷ്യരോട് സഹാനുഭൂതിയും സഹായ സന്നദ്ധതയുമാണ് നമുക്ക് വേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സുപ്രീംകോടതി നിഷ്കർഷിച്ചതുപോലെ അവരെ സഹായിക്കാനും പുനരധിവസിപ്പിക്കാനുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി മൈക്രോപ്ലാനുകൾ തയ്യാറാക്കി അതിതീവ്രമായ ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ മോചിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ അതിതീവ്ര ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പോസ്റ്റിൽ കുറിച്ചു.
വരേണ്യവർഗത്തിന്റെ ഭിഷാടനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അംഗീകരിക്കാൻ കഴിയില്ലെന്നും സാമൂഹിക- സാമ്പത്തിക പ്രശ്നമാണിതെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സുപ്രീം കോടതിയുടെ നിരീക്ഷണം മനുഷ്യത്വപരമായ വീക്ഷണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: CM Pinarayi Vijayan’s FB Post about supreme court’s verdict.