വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഇന്നും തുടരും. പഞ്ചാരക്കൊല്ലിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. കടുവയെ കണ്ടെത്താനായി മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ചീഫ് വെറ്ററിനറി സർജൻ ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സ്ഥലത്തുണ്ട്. സമീപ ജില്ലകളിൽ നിന്നുള്ള കൂടുതൽ ആർആർടി സംഘാംഗങ്ങൾ ഇന്ന് പഞ്ചാരക്കൊല്ലിയിൽ എത്തും.
നാല് ഡിവിഷനുകളിലായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ആൾക്കൂട്ടം ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്ന് രാവിലെ ആരംഭിക്കും. കടുവയെ കണ്ടെത്തിയാൽ ഉടൻ തന്നെ ആർആർടി സംഘം സ്ഥലത്തെത്തും. കടുവയെ ട്രാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
കേരളത്തിന്റെ ഡാറ്റാബേസിൽ ഇല്ലാത്ത കടുവയാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ ഐഡി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കർണാടക വനം വകുപ്പിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് വയനാട്ടിലെത്തും.
കടുവ ആക്രമണവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ ഇന്ന് അവലോകന യോഗം ചേരും. രാവിലെ 11 മണിക്ക് കൽപ്പറ്റയിലാണ് യോഗം. വനംമന്ത്രി എ.കെ. ശശീന്ദ്രൻ യോഗത്തിൽ പങ്കെടുക്കും. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ മന്ത്രി സന്ദർശിക്കും.
Story Highlights: The Forest Department continues its search for the tiger that killed a woman in Mananthavady, Wayanad.