വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്തു. കൽപ്പറ്റ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിജയന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്.
കേസിൽ ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, ഡി.സി.സി. മുൻ ട്രഷറർ കെ.കെ. ഗോപിനാഥ് തുടങ്ങിയവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. കെ.പി.സി.സി. പ്രസിഡന്റിന് നൽകാൻ വിജയൻ എഴുതിയ കത്തിൽ ഇവരുടെ പേരുകൾ പരാമർശിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. പൊലീസ് അന്വേഷണത്തിൽ ലഭിച്ച മൊഴികളും നേതാക്കളെ പ്രതിചേർക്കുന്നതിലേക്ക് നയിച്ചതായാണ് വിവരം.
എംഎൽഎയുടെ കേണിച്ചിറയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. നേരത്തെ ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ഇവരെയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
Story Highlights: IC Balakrishnan MLA arrested in connection with the death of Wayanad DCC treasurer NM Vijayan.