അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ആരോഗ്യനില ആശങ്കാജനകമാണെന്ന് ഡോ. അരുൺ സക്കറിയ വ്യക്തമാക്കി. ട്വന്റിഫോറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, ആനയ്ക്ക് ചികിത്സ നൽകുന്നത് വളരെ ദുഷ്കരമായ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മയക്കുവെടി വച്ചശേഷം നിവർന്ന നിലയിൽ നിർത്തിയായിരിക്കും ചികിത്സ നൽകുക. ആനകൾ കുത്തുകൂടിയപ്പോൾ ഉണ്ടായ മുറിവാണെന്നാണ് പ്രാഥമിക നിഗമനം. വെടിയേറ്റിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുങ്കിയാനകളെ കൊണ്ടുവരേണ്ട സാഹചര്യം നിലവിലില്ല. ട്വന്റിഫോറിന് ആനയുടെ എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ, ആനയ്ക്ക് ചികിത്സ നൽകാൻ തീരുമാനമായി. മസ്തകത്തിൽ മുറിവേറ്റ നിലയിൽ അതിരപ്പിള്ളിയിൽ കാട്ടാനയെ കണ്ടെത്തിയതും, ആനയുടെ ദുരവസ്ഥ വിവരിക്കുന്ന ദൃശ്യങ്ങളും ആദ്യം പുറത്തുവിട്ടത് ട്വന്റിഫോറാണ്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ ചികിത്സിക്കുന്നത്. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന വനംവകുപ്പിന്റെ വിശദീകരണങ്ങൾക്കിടെയാണ് മസ്തകത്തിൽ നിന്ന് പഴുപ്പുലിച്ചിറങ്ങുന്ന വേദനിപ്പിക്കുന്ന ദൃശ്യം ട്വന്റിഫോർ പുറംലോകത്തെത്തിച്ചത്. ഇതേത്തുടർന്നാണ് ആനയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്.
ഇരുപത് അംഗങ്ങളുള്ള ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അതിരപ്പിള്ളിയിൽ എത്തി. ഇന്ന് ആനയെ സംഘം നിരീക്ഷിക്കും. ആനയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചായിരിക്കും തുടർ ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കുക. മയക്കുവെടി വച്ച് ചികിത്സിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ആനകൾ തമ്മിലുള്ള പോര് കാരണമാണോ മുറിവേറ്റതെന്ന് സംഘം പരിശോധിക്കും.
Story Highlights: An injured wild elephant in Athirappilly is receiving medical attention from a team led by Dr. Arun Zachariah.