മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ദിവസങ്ങൾക്കുള്ളിൽ തന്നെ ആശുപത്രി വിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണുബാധയുടെ സാധ്യത ഒഴിവാക്കാൻ സന്ദർശകർക്ക് ആശുപത്രിയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് പൗരനാണെന്നാണ് സംശയം. താനെയിൽ പിടിയിലായ പ്രതിയുടെ പക്കൽ ഇന്ത്യൻ രേഖകളൊന്നുമില്ലെന്നും പോലീസ് അറിയിച്ചു.
താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ടിസിഎസ് കോൾ സെന്ററിന് പിന്നിലെ മെട്രോ നിർമ്മാണ സ്ഥലത്തിന് സമീപമുള്ള ലേബർ ക്യാമ്പിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷഹസാദ് എന്നാണ് പ്രതിയുടെ യഥാർത്ഥ പേര്. വിജയ്ദാസ് എന്ന പേരിലാണ് ഇയാൾ ഇന്ത്യയിൽ കഴിഞ്ഞിരുന്നത്.
ഡിസിപി സോൺ-6 നവ്നാഥ് ധവാലെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാസർവാഡാവലി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. ഒരു പബ്ബിലാണ് ഇയാൾ ജോലി ചെയ്തിരുന്നതെന്നും പോലീസ് കണ്ടെത്തി. ഹൗസ് കീപ്പിംഗ് ഏജൻസിയിലും ഇയാൾ ജോലി ചെയ്തിരുന്നു.
സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ ബംഗ്ലാദേശ് ബന്ധം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
Story Highlights: Bollywood actor Saif Ali Khan’s attacker suspected to be a Bangladeshi national, Mumbai police say.