കൊൽക്കത്തയിലെ ആർജികർ മെഡിക്കൽ കോളജിൽ ട്രെയിനീ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കൊലപാതകത്തിനും ലൈംഗികാതിക്രമത്തിനും പ്രതി കുറ്റക്കാരനാണെന്ന് സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് വിധി പ്രസ്താവിച്ചു. ഫോറൻസിക് തെളിവുകൾ നിർണായകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതിക്ക് 25 വർഷത്തിൽ കുറയാത്ത തടവോ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കാമെന്ന് കോടതി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ശിക്ഷ വിധിക്കുക. ഡോക്ടറെ ആക്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത് തെളിഞ്ഞതായി കോടതി പറഞ്ഞു.
കുറ്റം ചെയ്തിട്ടില്ലെന്നും താൻ രുദ്രാക്ഷം ധരിക്കുന്നയാളാണെന്നും പ്രതി സഞ്ജയ് റോയ് കോടതിയിൽ വാദിച്ചു. ഇത്തരം കൃത്യം ചെയ്യാൻ തനിക്ക് കഴിയില്ലെന്നും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും പ്രതി ആവശ്യപ്പെട്ടു.
Story Highlights: A Kolkata court found Sanjay Roy guilty of raping and murdering a trainee doctor at RG Kar Medical College.