നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദയാത്രാ ബസിന് അപകടം. കാട്ടാക്കടയിൽ നിന്ന് കൊടൈക്കനാലിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി 10.20 ഓടെയാണ് അപകടം നടന്നത്. KL 21 Q 9050 എന്ന നമ്പർ ബസിലുണ്ടായിരുന്ന 49 പേരിൽ കാട്ടാക്കട സ്വദേശിനിയായ 61 കാരി ദാസിനി മരണപ്പെട്ടു.
ബസ് മറ്റൊരു ലോറിയുമായി മത്സരിച്ച് വരികയായിരുന്നെന്നും അമിതവേഗതയിലായിരുന്നെന്നും ദൃക്\u200cസാക്ഷികൾ പറയുന്നു. റോഡിലെ ടാറിങ് കട്ട് ഡ്രൈവർ ശ്രദ്ധിച്ചില്ലെന്നും അമിതവേഗത മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും ദൃക്\u200cസാക്ഷികൾ പറഞ്ഞു. ബസ് തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റ 26 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും 7 പേരെ എസ് എ ടിയിലും പ്രവേശിപ്പിച്ചു. 15 പേർക്ക് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. പരുക്കേറ്റവരിൽ ആരുടേയും നില ഗുരുതരമല്ല.
മറിഞ്ഞു കിടന്ന ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. ബസിനടിയിൽ ആളുകൾ കുടുങ്ങിയിട്ടില്ല എന്നത് ആശ്വാസകരമാണ്. അപകടത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളജ് സൂപ്രണ്ടിന് നിർദേശം നൽകി.
കാട്ടാക്കടയിൽ നിന്ന് നെടുമങ്ങാട് എത്തിയ ഉടനെയാണ് അപകടം സംഭവിച്ചത്. ഇരിഞ്ചയം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നു.
Story Highlights: A tourist bus overturned in Nedumangad, killing one and injuring several others.