വയനാട് പുൽപ്പള്ളിയിലെ അമരക്കുനിയിൽ കടുവാഭീതി ഒമ്പത് ദിവസമായിട്ടും അവസാനിക്കുന്നില്ല. ഈ കാലയളവിൽ അഞ്ച് ആടുകളെയാണ് കടുവ കൊന്നൊടുക്കിയത്. കടുവയെ പിടികൂടുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടതിൽ പ്രതിഷേധം ശക്തമാണ്. അമരക്കുനിയിൽ കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ, വനംവകുപ്പ് രാത്രിയിലും തിരച്ചിൽ ദൗത്യം തുടരുകയാണ്. രണ്ട് കിലോമീറ്റർ ചുറ്റളവിൽ തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി.
വനംവകുപ്പ് നാല് കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, കടുവ ഇതുവരെ പിടിയിലായിട്ടില്ല. കടുവയെ മയക്കുവെടി വച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. കടുവയുടെ ആരോഗ്യസ്ഥിതി മോശമാണെന്നാണ് വിലയിരുത്തൽ. തോട്ടങ്ങൾ കേന്ദ്രീകരിച്ച് RRT യുടെ പരിശോധന ഇന്നും തുടരും. കടുവ ഇപ്പോൾ വനംവകുപ്പിന്റെ റഡാറിന് പുറത്താണെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമൻ അറിയിച്ചു.
കടുവയെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിക്രം, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെ മുത്തങ്ങയിൽ നിന്നും എത്തിച്ചിരുന്നു. ഡോക്ടർ അരുൺ സക്കറിയയും സംഘവും അമരക്കുനിയിൽ എത്തിയിരുന്നു. അമരക്കുനിയിലെ കടുവ ഇതുവരെ ആക്രമിച്ചത് ആടുകളെ മാത്രമാണ്. ചെറിയ മൃഗങ്ങളെ വേട്ടയാടുന്നതിന് കാരണം കടുവയുടെ അനാരോഗ്യമാകാമെന്ന് വനംവകുപ്പ് വിലയിരുത്തുന്നു.
Story Highlights: A tiger has killed five goats in nine days in Amarakuni, Wayanad, prompting intensified search efforts by the forest department.