വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ, കിരൺ കുമാറിന് വിധിച്ച പത്തുവർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയാണ് ഹർജി പരിഗണിക്കുന്നത്. നിലവിൽ പരോളിലാണ് കിരൺ കുമാർ.
വിസ്മയയുടെ മരണവുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നും ആത്മഹത്യാ പ്രേരണാ കുറ്റം നിലനിൽക്കില്ലെന്നും കിരൺ കുമാർ ഹർജിയിൽ വാദിക്കുന്നു. പ്രതിയുടെ ഇടപെടൽ കൊണ്ടാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തെളിയിക്കാനായിട്ടില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസം 30ന് പോലീസ് റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ മേധാവി കിരണിന് പരോൾ അനുവദിച്ചിരുന്നു.
ഹൈക്കോടതിയിൽ സമർപ്പിച്ച സമാനമായ ഹർജിയിൽ ഇതുവരെ തീരുമാനമായിട്ടില്ല. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരൺ കുമാർ ആരോപിക്കുന്നു. 2021 ജൂണിലാണ് ഭർതൃവീട്ടിൽ വിസ്മയ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കിരണിന് പത്തുവർഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
Story Highlights: Kiran Kumar, accused in the Vismaya case, will have his petition heard by the Supreme Court today.