റഷ്യയിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ കുട്ടനെല്ലൂർ സ്വദേശി കരുണ ലെയ്നിൽ ബിനിലിന്റെ (32) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയാണ് ഇക്കാര്യം അറിയിച്ചത്. ബിനിലിനെയും പരിക്കേറ്റ ജയിൻ കുര്യനെയും നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് നോർക്ക ഇടപെട്ടു വരികയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മരണവിവരം സ്ഥിരീകരിച്ചത്. റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കുന്നതിനിടെയാണ് ബിനിലിന് ദാരുണാന്ത്യം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവും തൃശൂർ സ്വദേശിയുമായ ജയിൻ കുര്യന് (27) പരിക്കേറ്റിട്ടുണ്ട്. മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ജയിനെ നേരത്തെ ഡിസ്ചാർജ് ചെയ്ത് ഇന്ത്യയിലേക്ക് തിരിച്ചയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ ഇവർക്കൊപ്പം യുദ്ധമുഖത്ത് പ്രവർത്തിച്ചിരുന്ന തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രൻ (36) കൊല്ലപ്പെട്ടിരുന്നു. റഷ്യൻ സൈന്യത്തിൽ ജോലിക്കായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യൻ പൗരന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി വിദേശകാര്യ വക്താവ് പറഞ്ഞു. മോസ്കോയിലെ ഇന്ത്യൻ എംബസി കുടുംബങ്ങളുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരുന്നുണ്ട്.
മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി റഷ്യൻ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു. വിഷയം മോസ്കോയിലെ റഷ്യൻ അധികാരികളോടും ന്യൂഡൽഹിയിലെ റഷ്യൻ എംബസിയോടും ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരിച്ചയയ്ക്കണമെന്ന ആവശ്യവും വീണ്ടും ഉന്നയിച്ചതായും വിദേശകാര്യ വക്താവിന്റെ സാമൂഹികമാധ്യമത്തിൽ കുറിച്ചു.
Story Highlights: Binil Babu, a native of Thrissur, who was killed in a shell attack in Russia, will be brought back to India.