തിരുപ്പതിയിലെ വൈകുണ്ഠ ഏകാദശി ദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറുപേർക്ക് ജീവൻ നഷ്ടമായി. ടോക്കൺ വിതരണ കൗണ്ടറിന് മുന്നിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ഇതിൽ ഒരാളെ തമിഴ്നാട് സേലം സ്വദേശി മല്ലിക എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വൈകുണ്ഠ ഏകാദശി ദർശനത്തിനുള്ള ടോക്കൺ വിതരണവുമായി ബന്ധപ്പെട്ടാണ് തിക്കും തിരക്കും ഉണ്ടായത്. സാധാരണയായി തിരുമല മുകളിലാണ് ടോക്കൺ വിതരണം ചെയ്യാറ്. എന്നാൽ ഇത്തവണ ആദ്യമായി താഴെ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയതാണ് അപകടത്തിന് കാരണമായത്. നാളെ രാവിലെ അഞ്ച് മണിക്കാണ് ടോക്കൺ വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഇന്ന് രാവിലെ മുതൽ തന്നെ നീണ്ട ക്യൂ ആയിരുന്നു.
ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവമായ വൈകുണ്ഠ ഏകാദശി ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഒമ്പത് കൗണ്ടറുകളാണ് ടോക്കൺ വിതരണത്തിനായി സജ്ജീകരിച്ചിരുന്നത്. പല ക്യൂകളിലും 5000 ത്തിൽ അധികം പേർ ഉണ്ടായിരുന്നു. രാവിലെ മുതൽ തന്നെ തിരക്ക് അനുഭവപ്പെട്ടിരുന്നു. ടിക്കറ്റ് എടുത്ത് കൂപ്പൺ കിട്ടിയാൽ മാത്രമേ ദർശനം സാധ്യമാകൂ എന്നതിനാൽ തിരക്ക് വർധിച്ചു.
നാല് പേർ റൂയ ആശുപത്രിയിലും രണ്ട് പേർ സ്വിമ്സ് ആശുപത്രിയിലും വച്ചാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നുവെന്നും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നാളെ തിരുപ്പതിയിൽ എത്തും.
ഏകദേശം ഒമ്പത് മണിയോടെയാണ് ദുരന്തം ഉണ്ടായത്. വൈകുണ്ഠദ്വാര ദർശനത്തിന്റെ ടോക്കൺ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. കൂപ്പൺ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകൾ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായത്.
മറ്റന്നാൾ ആണ് വൈകുണ്ഠ ഏകാദശി. തിരുപ്പതി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ആറായി.
Story Highlights: Six people died and several were injured in a stampede at the Tirupati temple during Vaikunta Ekadasi darshan.