മലയാള സിനിമ രംഗത്തു നിരവധി കഥാപാത്രങ്ങൾ നൽകിയ തൃപ്പുണിത്തുറ സ്വദേശിയായ മലയാളത്തിന്റെ മുതിർന്ന നടൻ കെ. ടി. എസ് പടന്നയിൽ (88) എന്ന കെ. ടി സുബ്രഹ്മണ്ണ്യൻ പടന്നയിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്നാണ് അന്ത്യം.
അപ്രസക്തമായേക്കാവുന്ന നിരവധി കഥാപാത്രങ്ങൾ അഭിനയ മികവ് കൊണ്ടും, തന്റെ സ്വാഭാവിക ഹാസ്യ ശൈലികൊണ്ടും അവിസ്മരണീയമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, വൃദ്ധൻമാരെ സൂക്ഷിക്കുക, അനിയൻ ബാവ ചേട്ടൻ ബാവ,ആദ്യത്തെ കണ്മണി,സ്വപ്നലോകത്തെ ബാലഭാസ്കരൻ, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി തുടങ്ങി നിരവധി സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
സാമ്പത്തിക പരാധീനതകൾമൂലം ഏഴാം ക്ലാസ്സിൽ വച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്ന അദ്ദേഹം കുട്ടിക്കാലത്തു കോൽക്കളി, ഉരുട്ട് കൊട്ട് തുടങ്ങിയ നിരവധി കലാപരിപാടികളിൽ പങ്കെടുത്തിരുന്നു.
ചെറുപ്പം മുതൽ നാടകങ്ങൾ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം നാടകത്തിൽ അഭിനയിക്കാൻ അവസരങ്ങൾ തേടിപോയെങ്കിലും നടനാകാനുള്ള രൂപം പോരെന്ന കാരണത്താൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടു. അതിലുണ്ടായ വാശിയെ തുടർന്ന് അദ്ദേഹം നാടകം പഠിക്കാൻ തീരുമാനിച്ചു.
‘വിവാഹ ദില്ലാൾ'(1956) ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ നാടകം. ‘കേരളപ്പിറവി'(1957) എന്ന നാടകം സ്വയം എഴുതി തൃപ്പുണിത്തുറയിൽ അവതരിപ്പിച്ചു. ചങ്ങനാശ്ശേരി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളിൽ അദ്ദേഹത്തിന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.
രാജസേനന്റെ ‘അനിയൻ ബാവ ചേട്ടൻ ബാവ’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം സിനിമയിൽ ശ്രെദ്ധേയനായിരുന്നിട്ടുകൂടി ജീവിത പ്രാരാബ്ധങ്ങൾ അലട്ടിയിരുന്നു. നാടകങ്ങളിൽ സജീവമായിരുന്നപ്പോഴും തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയിൽ തുടങ്ങിയ മുറുക്കാൻ കടയിൽ നിന്നും ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചായിരുന്നു ജീവിതകാലം.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ജീവിത പരാധീനതകൾക്കിടയിലും മുഖത്ത് മായാതെ കാത്ത പുഞ്ചിരി തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിജയം. മലയാളക്കരയുടെ മനസ്സിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
Story highlight : Malayalam actor K. T. S Padannayil has passed away.