കോഴിക്കോട് വടകരയിലെ കാരവനില് രണ്ടുപേര് മരിച്ച സംഭവത്തില് ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. എയര് കണ്ടീഷനറില് നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം സ്വദേശി മനോജ്, കണ്ണൂര് സ്വദേശി ജോയല് എന്നിവരുടെ മൃതദേഹങ്ള് പോസ്റ്റ്മോര്ട്ടത്തിനായി കോഴിക്കോട് മെഡിക്കല് കോളേജിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രിയാണ് വടകര കരിമ്പനപ്പാലത്ത് നിര്ത്തിയിട്ട കാരവനില് മൃതദേഹങ്ങള് കണ്ടെത്തിയത്. ഡ്രൈവര് മനോജ് വാതിലിനടുത്തും ജോയലിന്റെ മൃതദേഹം ബര്ത്തിലും ആയിരുന്നു. ഡോഗ് സ്ക്വാഡും ഫോറന്സിക് ഫിംഗര് പ്രിന്റ് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. വടകര സി ഐ എന് സുനില് കുമാറിന്റെ നേതൃത്വത്തില് ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കി.
എയര് കണ്ടീഷനറില് നിന്നുള്ള വാതക ചോര്ച്ചയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്. വാഹനത്തില് അസാധാരണമായ ഒന്നും കണ്ടെത്തിയിട്ടില്ല. ഞായറാഴ്ച രാത്രി മുതല് കാരവന് കരിമ്പനപ്പാലത്ത് നിര്ത്തിയിട്ടിരുന്നു. ആലത്തൂരില് നിന്നുള്ള ഒരു യുവതി പരിസരവാസികളില് ഒരാളെ വിളിച്ച് കാരവന് പ്രദേശത്ത് നിര്ത്തിയിട്ടിരിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി മൃതദേഹങ്ങള് കണ്ടെത്തിയത്. കണ്ണൂരില് വിവാഹത്തിനെത്തിയവരെ ഇറക്കി മലപ്പുറത്തേക്ക് തിരിച്ചു പോവുകയായിരുന്നു കാരവന്‍.
Story Highlights: Two men found dead in a caravan in Vadakara, Kozhikode; police suspect AC gas leak as cause.