വൈദ്യുതി നിരക്ക് വർധനവിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. ഇന്ന് കൂടുതൽ കെഎസ്ഇബി സബ് സ്റ്റേഷനുകൾക്ക് മുന്നിൽ യുഡിഎഫ് പ്രതിഷേധ ധർണ സംഘടിപ്പിക്കും. നിരക്ക് വർധന പിൻവലിക്കാത്ത പക്ഷം സമരം കടുപ്പിക്കുമെന്ന് യുഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച മുതൽ വൈദ്യുതി നിരക്ക് ശരാശരി 16 പൈസ വർധിപ്പിച്ചിരുന്നു. ജനുവരി മുതൽ 12 പൈസ കൂടി വർധിക്കും. കെഎസ്ഇബി ആവശ്യപ്പെട്ടതിന്റെ പകുതിയിൽ താഴെയാണ് റെഗുലേറ്ററി കമ്മിഷൻ വർധന അനുവദിച്ചത്. രണ്ട് വർഷത്തിനിടെ മൂന്നാം തവണയാണ് നിരക്ക് കൂട്ടുന്നത്. ഇതിനെതിരെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഭരണ സംഘടനയായ എഐടിയുസിയും നിരക്ക് വർധനവിനെതിരെ രംഗത്തെത്തി.
ദീർഘകാല കരാറിൽ നിന്ന് പിൻമാറിയത് അദാനിയുമായുള്ള കരാറിൽ ഏർപ്പെടാൻ വേണ്ടിയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇന്നലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു. ഇന്നും സംസ്ഥാനത്തെ വിവിധ സബ് സ്റ്റേഷനുകളിൽ യുഡിഎഫിന്റെ ഘടക കക്ഷികളുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിക്കും. എന്നാൽ നിരക്ക് വർധന പിൻവലിക്കാനാവില്ലെന്ന നിലപാടിലാണ് സർക്കാരും വൈദ്യുതി ബോർഡും.
Story Highlights: Opposition intensifies protests against electricity tariff hike in Kerala