കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ തട്ടിപ്പ് സംഘത്തിന്റെ ഭാഗമായ രണ്ട് മലയാളികൾ പിടിയിലായി. ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ വാഴക്കാല സ്വദേശിയായ ബെറ്റി ജോസഫിൽ നിന്ന് 4 കോടി രൂപയാണ് ഈ സംഘം തട്ടിയെടുത്തത്. എറണാകുളം സൈബർ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
ഡൽഹി ICICI ബാങ്കിൽ ബെറ്റി ജോസഫിന്റെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും, ഈ അക്കൗണ്ട് സന്ദീപ് എന്നയാൾ ലഹരിക്കടത്തിന് ഉപയോഗിച്ചെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കേസിൽ നിന്നും ഒഴിവാക്കി തരുന്നതിനാണ് പണം ആവശ്യപ്പെട്ടത്. മൂന്ന് അക്കൗണ്ടുകളിൽ നിന്നായി 4 കോടി 11 ലക്ഷം 9094 രൂപയാണ് ബെറ്റി ജോസഫിന് നഷ്ടമായത്. പിടിയിലായ മുഹമ്മദ് മുഹസിലും, മിഷാബും തട്ടിപ്പിന്റെ ഇടനിലക്കാരാണ്. ഇവരുടെ അക്കൗണ്ടിലേക്കാണ് തട്ടിപ്പ് തുക എത്തിയത്.
പോലീസ് അന്വേഷണത്തിൽ കൊടുവള്ളി കേന്ദ്രീകരിച്ച് വൻ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തി. തട്ടിപ്പ് തുക ഏകീകരിക്കുന്നത് ഇവിടെയാണ്. തട്ടിപ്പിനായി അക്കൗണ്ട് നൽകുന്നവർക്ക് 25,000 രൂപ മുതൽ 30,000 രൂപ വരെ ലഭിക്കും. തട്ടിപ്പ് പണം ATM-ൽ നിന്നും പിൻവലിച്ച് നൽകുന്നതിനും കമ്മീഷൻ ലഭിക്കും. കേസിലെ മുഖ്യപ്രതി ഉടൻ പിടിയിലാകുമെന്ന് എറണാകുളം സൈബർ പോലീസ് വ്യക്തമാക്കി. പിടിയിലായവരിൽ നിന്ന് ഒരു ഇനോവ ക്രിസ്റ്റയും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
Story Highlights: Two Malayalees arrested for extorting 4 crore rupees through digital arrest scam in Kerala