കൂരമ്പുകളുമായി പ്രണയ ശലഭമായി പറന്നെത്തിയ ബാഹുബലിയിലെ വനറാണി അവന്തികയായി വേഷമിട്ടത് തെന്നിന്ത്യൻ താരറാണി തമന്നയായിരുന്നു. ‘പാൻ ഇന്ത്യൻ’ എന്ന സങ്കൽപ്പം എല്ലാവരെയും പരിചയപ്പെടുത്തിയ ബാഹുബലി എന്ന ചിത്രത്തെക്കുറിച്ചും അത് തന്റെ ചിന്തകളിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും തമന്ന ഇപ്പോൾ സംസാരിക്കുകയാണ്.
സിനിമയോടുള്ള തന്റെ കാഴ്ചപ്പാട് വിശാലമാക്കിയ ചലച്ചിത്രമാണ് ബാഹുബലിയെന്ന് നടി വ്യക്തമാക്കി. “ബാഹുബലി എന്ന സിനിമ എല്ലാവർക്കും ഒരു ഗെയിം ചേഞ്ചർ തന്നെയായിരുന്നു. ഇന്ന് നമുക്കെല്ലാവർക്കും പരിചിതവും പ്രിയപ്പെട്ടതുമായ ‘പാൻ ഇന്ത്യൻ’ എന്ന വാക്ക് ആദ്യമായി പരിചയപ്പെടുത്തിയത് ആ സിനിമയാണ്. ബാഹുബലി എന്നിൽ എന്താണ് മാറ്റം ഉണ്ടാക്കിയതെന്ന് ചോദിച്ചാൽ യഥാർത്ഥത്തിൽ ആ സിനിമ എന്റെ കാഴ്ചപ്പാട് വിശാലമാക്കി,” എന്ന് തമന്ന പറഞ്ഞു.
ബാഹുബലിക്ക് ശേഷം തന്റെ ചിന്തകളിൽ വന്ന മാറ്റങ്ങളെക്കുറിച്ചും നടി സംസാരിച്ചു. “അതിനേക്കാൾ വലിയ സിനിമ ചെയ്യുന്നതിനെ കുറിച്ചാണ് ആളുകൾ ഇപ്പോൾ ചോദിക്കുന്നത്. ബാഹുബലിയേക്കാൾ വലിയ സിനിമ എങ്ങനെ ചെയ്യാനാകും? ഞാൻ അടുത്തതായിട്ട് എന്താണ് ശരിക്കും ചെയ്യേണ്ടത്? ഞാൻ വലിയ എന്തെങ്കിലും ചെയ്യണോ? എന്നൊക്കെ ഞാൻ ഇപ്പോൾ ചിന്തിക്കുന്നുണ്ട്. ആ ചിന്ത എന്നിൽ കൊണ്ടുവന്നത് ബാഹുബലിയാണ്,” എന്ന് തമന്ന കൂട്ടിച്ചേർത്തു.
ഒരുപാട് വാണിജ്യ വിജയങ്ങൾ നേടിയിട്ടുണ്ടെങ്കിലും, ഒരു നടി എന്ന നിലയിൽ വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും തമന്ന വ്യക്തമാക്കി. ബാഹുബലി പോലുള്ള ചിത്രങ്ങൾ തന്റെ അഭിനയ ജീവിതത്തിൽ പുതിയ വഴികൾ തുറന്നിട്ടുണ്ടെന്നും, ഭാവിയിൽ കൂടുതൽ വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ തേടുമെന്നും നടി സൂചിപ്പിച്ചു.
Story Highlights: Tamannah reflects on how Baahubali broadened her perspective on cinema and influenced her career choices.