കർണാടകയിലെ രാംനഗർ ജില്ലയിലെ ഹരോഹള്ളിയിൽ ഒരു ആശുപത്രിയിൽ നടന്ന ഞെട്ടിക്കുന്ന സംഭവം കേരളത്തിലും വലിയ ചർച്ചയായിരിക്കുകയാണ്. ഒരു നവജാത ശിശുവിനെ ആശുപത്രിയിലെ ടോയ്ലറ്റിൽ ഇട്ട് ഫ്ലഷ് ചെയ്ത നിർദയമായ സംഭവമാണ് പുറംലോകം അറിഞ്ഞത്. ആശുപത്രിയുടെ താഴത്തെ നിലയിലുള്ള ശുചിമുറിയിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ശുചിമുറിയിൽ അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധികൃതർ തൂപ്പുകാരോടും പ്ലംബർമാരോടും അത് പരിഹരിക്കാൻ ആവശ്യപ്പെട്ടു. ഹെൽത്ത് ഫെസിലിറ്റിയിലെ ജീവനക്കാർ കമോഡിലെ തടസ്സം പരിഹരിക്കുന്നതിനിടെയാണ് ഈ ദാരുണമായ സംഭവം പുറത്തറിയുന്നത്. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് ശുചീകരണ തൊഴിലാളികൾ തിരിച്ചറിഞ്ഞു. തുണിയോ പാഴ് വസ്തുക്കളോ ആണെന്നാണ് ആദ്യം സംശയം തോന്നിയതെങ്കിലും, നവജാതശിശുവിന്റെ മൃതദേഹം കണ്ടപ്പോൾ അവർ ഞെട്ടിപ്പോയി.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന് ഒന്നോ രണ്ടോ ദിവസം പ്രായമുണ്ടെന്നാണ് സംശയിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം. കുഞ്ഞിന്റെ ജനനം മറച്ചുവെക്കാൻ പ്രതികൾ ശ്രമിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളുടെ നീക്കത്തെക്കുറിച്ചുള്ള സൂചനകൾക്കായി പൊലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
സംഭവം പൊതുജനങ്ങൾക്കിടയിൽ വലിയ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. നവജാത ശിശുവിനെ കാണാതായതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും അമ്മയ്ക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോ അതോ കുഞ്ഞിനെ മറ്റെവിടെയെങ്കിലും നിന്ന് ഇവിടെ കൊണ്ടുവന്നതാണോയെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. ഈ സംഭവം ആശുപത്രി ജീവനക്കാരിലും ഡോക്ടർമാരിലും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.
Story Highlights: Newborn baby flushed down toilet in Karnataka hospital, body discovered during plumbing repair.