പാവപ്പെട്ടവർക്കുള്ള ക്ഷേമപെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സിപിഐഎം ഉദ്യോഗസ്ഥരാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായതിനാലാണ് സർക്കാർ പട്ടിക പുറത്തുവിടാത്തതെന്ന് അദ്ദേഹം ആരോപിച്ചു. ഉയർന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ സാധാരണക്കാരുടെ അത്താണി കൈവശപ്പെടുത്തുന്നത് മനുഷ്യത്വവിരുദ്ധമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
അർഹരായവർക്ക് പെൻഷൻ നിഷേധിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സർക്കാരാണ് ഇത്രയും കൂടുതൽ അനർഹരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സർക്കാർ പറയുന്ന കണക്ക് വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ലജ്ജാകരമായ സംഭവം നടന്ന സാഹചര്യത്തിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ രാജിവയ്ക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകാർ ഉള്ളതെന്ന വാർത്ത പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി ഈ കാര്യത്തിൽ പ്രതികരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. എസ്.ടി., എസ്.സി. ഫണ്ടും ക്ഷേമപെൻഷനും തട്ടിയെടുത്ത സിപിഎം നേതാക്കളുടെ മാതൃകയിലേക്ക് സർക്കാർ ഉദ്യോഗസ്ഥരും എത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.
Story Highlights: BJP state president K Surendran demands release of names of officials involved in Kerala pension scam