സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താനുള്ള നിർദ്ദേശം മന്ത്രിസഭായോഗം തള്ളിക്കളഞ്ഞു. ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറി തല സമിതിയാണ് പെൻഷൻ പ്രായം 60 വയസാക്കണമെന്ന് ശിപാർശ ചെയ്തത്. എന്നാൽ ഇന്ന് ചേർന്ന മന്ത്രിസഭായോഗം ഈ ശിപാർശ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
സമിതിയുടെ മറ്റ് ശിപാർശകൾ മന്ത്രിസഭായോഗം അംഗീകരിച്ചു. സർക്കാർ ജീവനക്കാർക്കായി കേരള സിവിൽ സർവ്വീസ് കോഡ് രൂപീകരിക്കാനും, സ്ഥലം മാറ്റ തർക്കങ്ങൾ പരിഹരിക്കാൻ സർവ്വീസ് സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കാനും തീരുമാനിച്ചു. സബോഡിനേറ്റ് സർവ്വീസിലും സ്റ്റേറ്റ് സർവ്വീസിലും പ്രൊബേഷൻ ഒരു തവണ മാത്രമാക്കാനും, എല്ലാ വകുപ്പുകളും രണ്ട് വർഷത്തിനകം വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നൽകാനും തീരുമാനിച്ചു.
നിയമനാധികാരികൾ എല്ലാ വർഷവും ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യണമെന്നും, റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ റദ്ദു ചെയ്യാൻ പാടില്ലെന്നും തീരുമാനിച്ചു. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ എംപ്ലോയ്മെൻറ് നിയമനം പാടില്ലെന്നും, എല്ലാ ജീവനക്കാർക്കും വാർഷിക ആരോഗ്യ പരിശോധന ഏർപ്പെടുത്താനും തീരുമാനിച്ചു. വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ജീവനക്കാരൻറെ പേരിലുള്ള അച്ചടക്ക നടപടികൾ പൂർത്തീകരിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
Story Highlights: Kerala government rejects proposal to increase pension age for state employees