ശബരിമല പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പൊലീസുകാർ നടത്തിയ ഫോട്ടോഷൂട്ട് സംഭവത്തിൽ കടുത്ത നടപടികൾ ഉണ്ടാവില്ല. പകരം, 25 പൊലീസുദ്യോഗസ്ഥരെ നാല് ദിവസം കെ.എ.പി 4 ബറ്റാലിയനിൽ കഠിന പരിശീലനത്തിനയക്കും. തുടർന്ന് 10 ദിവസം ശബരിമല പരിസരം വൃത്തിയാക്കുന്ന വിശുദ്ധി സേനയ്ക്കൊപ്പം പ്രവർത്തിക്കണമെന്നും നിർദ്ദേശമുണ്ട്. സന്നിധാനം സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഈ ശുപാർശ. ഈ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.
അവധിയിൽ പോയിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിപ്പിച്ച് എ.ഡി.ജി.പി വിശദീകരണം തേടിയിരുന്നു. ഈ നടപടിയിൽ പൊലീസ് അസോസിയേഷൻ അതൃപ്തി അറിയിച്ചു. കഠിന ജോലി ചെയ്തവരെ തിരികെ വിളിച്ചതിൽ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
ഹൈക്കോടതി ശുപാർശ അംഗീകരിച്ചില്ലെങ്കിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടായേക്കും. പൊലീസുകാരുടേത് ആചാര ലംഘനമാണെന്നായിരുന്നു ആരോപണം. പടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ചശേഷം പതിനെട്ടാം പടിയുടെ താഴെ മുതൽ വരിവരിയായി നിന്ന് ഫോട്ടോ എടുത്തത്.
Story Highlights: Police officers involved in photo shoot at Sabarimala to undergo rigorous training and cleaning duties as punishment