ബിജെപിയിലെ അസംതൃപ്തരെ കോൺഗ്രസ്സിലേക്ക് സ്വാഗതം ചെയ്ത് നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് ഇക്കാര്യം അറിയിച്ചത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാൻ, കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാൻ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ലെന്ന് സന്ദീപ് തന്റെ പോസ്റ്റിൽ ഉറപ്പിച്ചു പറഞ്ഞു.
ഇന്നലെയാണ് വയനാട് ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കെ പി മധു പാർട്ടിയിൽ നിന്ന് രാജി വച്ചത്. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിച്ചു. ഗ്രൂപ്പ് കളിക്കാനും തമ്മിലടിക്കാനും ബിജെപി വേണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂരിൽ ബിജെപി ജയിച്ചത് സെലിബ്രറ്റി ആയതുകൊണ്ടാണെന്നും മധു വിമർശിച്ചു.
രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് വേണ്ടിയാണ് താൻ ബിജെപിയിൽ ചേർന്നതെന്നും, ഗ്രൂപ്പ് കളിക്കാനോ തമ്മിലടിക്കാനോ ഗുസ്തി കളിക്കാനോ അല്ലെന്നും മധു വ്യക്തമാക്കി. പാലക്കാട്ടെ സ്ഥാനാർത്ഥികളുടെ കാര്യം ഒരു ഗ്രൂപ്പും വയനാട്ടിലെ കാര്യം മറ്റൊരു ഗ്രൂപ്പും നോക്കിക്കൊള്ളാമെന്ന് വീതം വെച്ച് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ആരോപണ പ്രത്യാരോപണങ്ങളെല്ലാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മധുവിന്റെ രാജിക്ക് പിന്നാലെ അദ്ദേഹം കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരുടെ പരോക്ഷ ക്ഷണം വന്നിരിക്കുന്നത്.
Story Highlights: Congress leader Sandeep Warrier welcomes disgruntled BJP members to join Congress