കൊച്ചി കളമശ്ശേരിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി അബ്രഹാമിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗിരീഷ് ബാബു സംഘപരിവാറിൻ്റെ പ്രാദേശിക നേതാവാണെന്ന് വെളിപ്പെട്ടു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇയാൾ കളമശ്ശേരി നഗരസഭയിൽ ബിജെപി സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പിൻവലിച്ചിരുന്നു. പ്രമുഖ ബിജെപി നേതാക്കൾക്കൊപ്പമുള്ള പ്രതിയുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
നവംബർ 17ന് രാത്രിയാണ് ജെയ്സിയെ കൂനംതൈ അമ്പലം റോഡിനു സമീപത്തെ അപ്പാർട്ടുമെൻറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകളുടെ ഫോണ് കോളിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് വാതിൽ ചവിട്ടി പൊളിച്ചാണ് ഫ്ലാറ്റിൻ്റെ അകത്ത് കയറിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ മുഖം വികൃതമാക്കിയ തരത്തിൽ ജെയ്സിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജെയ്സിയുടെ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് പിന്നിലെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതോടെയാണ് കൊലപാതകം എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്.
ഗിരീഷ് കൊലപാതകം നടത്തിയത് ജെയ്സിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ആയിരുന്നുവെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. കളമശ്ശേരിയിൽ കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ സുഹൃത്താണ് ഗിരീഷ് ബാബു. ഇൻഫോപാർക്ക് ജീവനക്കാരനായ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. ഇയാൾക്കൊപ്പം സുഹൃത്തായ ഖദീജയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അതേസമയം റിമാൻഡിൽ ആയിരുന്ന പ്രതിയെ ചൊവ്വാഴ്ച കളമശ്ശേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
Story Highlights: Main accused in Kochi real estate dealer murder case identified as local Sangh Parivar leader