മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് വൻപ്രതിഷേധത്തിന് ഒരുങ്ങുകയാണ്. വയനാട് നിയുക്ത എം.പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ വച്ച് വയനാട്-മലപ്പുറം-കോഴിക്കോട് നിന്നുള്ള നേതാക്കൾ യോഗം ചേരും. ഈ കൂടിക്കാഴ്ചയിൽ തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യും. വയനാട് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ, വയനാട് എംഎൽഎ ടി സിദ്ദിഖ്, എപി അനിൽ കുമാർ എംഎൽ എ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്.
അതേസമയം, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സഹായം നൽകാമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി ഡൽഹിയിലെ കേരളത്തിൻറെ പ്രത്യേക പ്രതിനിധി കെ.വി തോമസ് അറിയിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ദുരിതം അനുഭവിക്കുന്ന കർഷകരുടെയും വിദ്യാർത്ഥികളുടെയും വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടു. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന് നിർമ്മല സീതാരാമൻ ഉറപ്പുനൽകിയതായും കെ വി തോമസ് വ്യക്തമാക്കി.
കേരളം 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിനെതിരെ കേരളം പ്രതിഷേധം ശക്തമാക്കിയിരുന്നു. പാക്കേജുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സർക്കാർ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുന്നത്.
Story Highlights: Congress to protest against central and state governments’ negligence in Wayanad landslide disaster