ശബരിമലയിൽ ഈ മണ്ഡലകാലത്ത് പരമ്പരാഗത കാനനപാത വഴി ദർശനത്തിനു എത്തിയത് 6598 പേരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നവംബർ 26 ഉച്ചവരെയുള്ള ഈ കണക്ക് പ്രകാരം, പമ്പയിലേതുപോലെ സ്പോട്ട് ബുക്കിംഗ് സംവിധാനം ഇവിടെയും പ്രവർത്തിക്കുന്നുണ്ട്. സത്രം, പുല്ലുമേട് വഴിയുള്ള തീർത്ഥാടകരുടെ യാത്രയ്ക്ക് വനംവകുപ്പാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. കുടിവെള്ളവും അടിയന്തര സേവന സൗകര്യങ്ങളും പാതയിലുടെനീളം ഒരുക്കിയിട്ടുണ്ട്.
അതേസമയം, സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഒരേസമയം പരിശോധന സ്ക്വാഡുകളെ വിന്യസിച്ച് എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കുന്നു. സന്നിധാനത്ത് മാത്രമായി 35 റെയ്ഡുകളാണ് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ സംഘടിപ്പിച്ചത്. 238 കോട്പ കേസുകൾ രജിസ്റ്റർ ചെയ്തു 47,600 രൂപ പിഴയും ചുമത്തി. 725 ഗ്രാം പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പാൻമസാല, സിഗരറ്റ് എന്നിവയുടെ ഉപയോഗമാണ് കൂടുതലും കണ്ടെത്തിയത്.
മണ്ഡലകാലം കണക്കിലെടുത്തു നിലയ്ക്കലും, പമ്പയിലും, സന്നിധാനത്തും എക്സൈസ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ മറ്റു വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകളും നടത്തുന്നുണ്ട്. അതിഥി തൊഴിലാളി ക്യാമ്പുകളും കടകളും കേന്ദ്രീകരിച്ച് പരിശോധനകൾ വ്യാപകമായി നടത്തിവരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ സംയുക്ത റെയ്ഡുകൾ സംഘടിപ്പിക്കുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. ലഹരിമുക്തമായ മണ്ഡലകാലം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സൈസ് ഈ പ്രവർത്തനങ്ങൾ നടത്തി വരുന്നത്.
Story Highlights: Sabarimala pilgrimage sees 6598 devotees via traditional forest path, excise department intensifies checks