മുംബൈയിൽ ഏറ്റവും ദൈർഘ്യമേറിയ ഡിജിറ്റൽ അറസ്റ്റ് റിപ്പോർട്ട് ചെയ്തു. 77 വയസ്സുള്ള ഒരു വീട്ടമ്മയെ ഐപിഎസ് ഓഫീസറായും മറ്റ് നിയമപാലകരായും ചമഞ്ഞ് ഒരു മാസത്തോളം ഡിജിറ്റലായി അറസ്റ്റ് ചെയ്തു. ‘കള്ളപ്പണം വെളുപ്പിക്കൽ കേസി’ലാണ് ഇത് സംഭവിച്ചത്. ദക്ഷിണ മുംബൈയിൽ വിരമിച്ച ഭർത്താവിനൊപ്പം താമസിക്കുന്ന ഈ വീട്ടമ്മയിൽ നിന്ന് 3.8 കോടി രൂപ തട്ടിയെടുക്കുകയും ചെയ്തു.
ഒരു വാട്ട്സാപ്പ് കോളിൽ നിന്നാണ് എല്ലാം ആരംഭിച്ചത്. തായ്വാനിലേക്ക് അയച്ച പാഴ്സലുമായി ബന്ധപ്പെട്ടാണ് യുവതിക്ക് കോൾ ലഭിച്ചത്. പാഴ്സലിൽ നിന്ന് അഞ്ച് പാസ്പോർട്ടുകൾ, ബാങ്ക് കാർഡ്, വസ്ത്രങ്ങൾ, മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തതായി വിളിച്ചയാൾ അവകാശപ്പെട്ടു. കോൾ ഒറിജിനലാണെന്ന് തോന്നിപ്പിക്കുന്നതിന്, സൈബർ തട്ടിപ്പുകാരൻ യുവതിക്ക് ക്രൈംബ്രാഞ്ചിന്റെ സ്റ്റാമ്പ് പതിച്ച വ്യാജ നോട്ടീസും അയച്ചു.
താൻ ആർക്കും പാഴ്സലൊന്നും അയച്ചിട്ടില്ലെന്ന് യുവതി പ്രതികരിച്ചപ്പോൾ, ആധാർ കാർഡ് വിശദാംശങ്ങൾ കുറ്റകൃത്യത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കണമെന്നും വിളിച്ചയാൾ പറഞ്ഞു. തുടർന്ന് വ്യാജ പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാൻ സ്കൈപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ യുവതിയോട് ആവശ്യപ്പെട്ടു. കോൾ വിച്ഛേദിക്കരുതെന്നും കേസിനെക്കുറിച്ച് ആരോടും പറയരുതെന്നും കർശനമായി നിർദ്ദേശിച്ചു. ഇങ്ങനെ ഒരു മാസത്തോളം ഡിജിറ്റൽ അറസ്റ്റിൽ വെച്ച് പലപ്പോഴായി നാല് കോടിയോളം രൂപ തട്ടിയെടുക്കുകയും ചെയ്തു.
Story Highlights: Elderly woman in Mumbai falls victim to longest digital arrest scam, loses Rs 3.8 crore