കോട്ടയം ഡിവൈഎസ്പി കെജി അനീഷ് ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ മൊഴിയെടുത്തു. ആത്മകഥാ വിവാദത്തില് ഇ പി ജയരാജന്റെ പരാതിയിലാണ് മൊഴിയെടുത്തത്. ഇ പി ജയരാജനുമായി കരാറില്ലെന്ന് രവി ഡി സി മൊഴി നല്കി. പ്രാഥമിക റിപ്പോര്ട്ട് ഡിജിപിക്ക് ഉടന് കൈമാറുമെന്നും അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് ദിനത്തില് ഇ.പി ജയരാജന്റെ ആത്മകഥ എന്ന പേരില് പുറത്തു വന്ന പുസ്തകത്തിന്റെ ഭാഗങ്ങളാണ് വിവാദമായത്. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു നീക്കം നടത്തിയത് ആസൂത്രിതമാണെന്നാണ് ഇ പി പറഞ്ഞത്. താൻ ആത്മകഥ പ്രസിദ്ധീകരിക്കാന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഡി സി ബുക്സും, മാതൃഭൂമി ബുക്സും പ്രസിദ്ധീകരിക്കാന് താത്പര്യമറിയിച്ചതായും ഇ പി വിശദീകരിച്ചു.
രണ്ടാം പിണറായി സര്ക്കാരിന് എതിരെ ആഞ്ഞടിച്ചാണ് ഇപി ജയരാജയന്റെ ആത്മകഥ എന്ന പേരില് പുറത്ത് വന്ന ഭാഗങ്ങളിലെ പരാമര്ശങ്ങള്. എല്ഡിഎഫ് കണ്വീനര് സ്ഥാനത്തുനിന്ന് മാറ്റിയതിനെക്കുറിച്ചും പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും സെക്രട്ടറിയേറ്റില് അറിയിച്ചശേഷം ദേശാഭിമാനിക്ക് പരസ്യം വാങ്ങിയതിനെക്കുറിച്ചും വിഎസ് അച്യുതാനന്ദന്റെ നിലപാടിനെക്കുറിച്ചും ഡോ.പി. സരിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പില് സ്ഥാനാര്ഥിയാക്കിയതിലെ അതൃപ്തിയെക്കുറിച്ചും പുസ്തകത്തില് പരാമര്‍ശങ്ങളുണ്ടായിരുന്നു.
Story Highlights: Police recorded statement of DC Books owner Ravi DC in EP Jayarajan’s autobiography controversy