പാലക്കാട് ബിജെപിയിൽ പുതിയൊരു വിവാദം കൂടി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തതാണ് ഇത്തവണത്തെ വിവാദം. യുഡിഎഫ് കൗൺസിലർമാർ നടത്തിയ ആഘോഷത്തിൽ പ്രമീള ലഡു സ്വീകരിച്ചതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് കൃഷ്ണകുമാർ വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി നേതാവ് എൻ ശിവരാജൻ ലഡു സ്വീകരിക്കാൻ ശ്രമിച്ചെങ്കിലും പാർട്ടി പ്രവർത്തകർ തടഞ്ഞതായും ദൃശ്യങ്ങളിൽ കാണാം.
പാലക്കാട് തോൽവിയുടെ പശ്ചാത്തലത്തിൽ ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ നാളെ കൊച്ചിയിൽ സംസ്ഥാന നേതൃയോഗം ചേരും. സംഘടനാ തിരഞ്ഞെടുപ്പാണ് പ്രധാന അജണ്ടയെങ്കിലും പാലക്കാട് തോൽവി ചർച്ചയാകുമെന്ന് ഉറപ്പാണ്. തോൽവിയുടെ ഉത്തരവാദിത്തം പരസ്പരം ആരോപിച്ച് വിവിധ വിഭാഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്നാണ് നഗരസഭ ചെയർപേഴ്സന്റെ നിലപാട്.
ഈ സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൗൺസിലർമാർ പാലം വലിച്ചെന്നും ശോഭാ സുരേന്ദ്രൻ പ്രചാരണത്തിൽ വീഴ്ച വരുത്തിയെന്നും സുരേന്ദ്രൻ വിഭാഗം ആരോപിക്കുന്നു. എന്നാൽ, ആരും രാജിവയ്ക്കേണ്ടതില്ലെന്ന് കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കിയിട്ടുണ്ട്. പരസ്യ പ്രതികരണങ്ങൾ വിലക്കിയ നേതൃത്വം കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Story Highlights: BJP in Palakkad faces new controversy over Rahul Mankootathil’s victory celebration