തിരുവനന്തപുരം മാറനല്ലൂരിലെ അങ്കണവാടിയിൽ മൂന്ന് വയസുകാരി കസേരയിൽ നിന്ന് മലർന്നടിച്ച് വീണ സംഭവത്തിൽ അധ്യാപികയ്ക്കും ഹെൽപ്പർക്കും സസ്പെൻഷൻ നൽകി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടി കസേരയിൽ നിന്ന് വീണത്. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് ബാലാവകാശ കമ്മീഷൻ കണ്ടെത്തൽ. ഇരുവർക്കെതിരെ കമ്മീഷൻ കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു.
കുട്ടി വീണത് അങ്കണവാടി അധികൃതർ മറച്ചുവെച്ചു എന്നാണ് കുടുംബത്തിൻ്റെ ആരോപണം. വീട്ടിലെത്തി കുട്ടി ഛർദിക്കുകയും വേദന അറിയിച്ചതോടെയുമാണ് ആശുപത്രിയിൽ എത്തിച്ചത്. അങ്കണവാടിയിൽ വിവരം അന്വേഷിച്ചപ്പോൾ വീണ കാര്യം അറിയിക്കാൻ മറന്നു എന്നായിരുന്നു അധ്യാപികയുടെ മറുപടി. പിന്നാലെയാണ് മാറനല്ലൂർ എട്ടാം വാർഡ് അങ്കണവാടിയിലെ അധ്യാപിക ശുഭലക്ഷമി, ഹെൽപ്പർ ലത എന്നിവരെ സസ്പെൻഡ് ചെയ്തത്.
കുട്ടിയുടെ തലയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിട്ടുണ്ട്. നട്ടെല്ലിനും പരുക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Story Highlights: Three-year-old girl falls from chair in Anganwadi; Teacher and helper suspended