ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മെഗാ താരലേലം സൗദി അറേബ്യയിലെ ജിദ്ദയിൽ ആരംഭിച്ചു. അൽ അബാദേയ് അൽ ജോഹർ തിയേറ്ററിൽ നടക്കുന്ന ലേലം രണ്ടു ദിവസങ്ങളിലായാണ് നടക്കുന്നത്. മല്ലികാ സാഗറാണ് ലേലം നിയന്ത്രിക്കുന്നത്. 1574 രജിസ്റ്റർ ചെയ്ത താരങ്ങളിൽ നിന്ന് 574 പേരെ ഉൾപ്പെടുത്തിയ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ ടീമിനും 120 കോടി രൂപ വരെ ചെലവഴിക്കാൻ കഴിയും.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് ലേലം വിളിക്കപ്പെട്ട താരമായി ശ്രേയസ് അയ്യർ മാറി. 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് താരത്തെ സ്വന്തമാക്കി. മിച്ചൽ സ്റ്റാർക്കിന്റെ റെക്കോർഡ് മറികടന്നാണ് ശ്രേയസ് ഈ നേട്ടം കൈവരിച്ചത്. താരത്തിനായി പഞ്ചാബും ഡൽഹിയും തമ്മിൽ വാശിയേറിയ മത്സരമാണ് നടന്നത്.
ഇന്ത്യയുടെ ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ്ങാണ് താരലേലത്തിനെത്തിയ ആദ്യ താരം. 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് താരത്തെ സ്വന്തമാക്കി. കഗിസോ റബാഡയെ 10.75 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. നിലവിലെ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരിക്കും ലേലത്തിലെ സൂപ്പർ താരമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം. 10 ടീമുകളിലായി 204 താരങ്ങൾക്കാണ് അവസരം ലഭിക്കുക. ആകെ 641 കോടി രൂപയാണ് ടീമുകൾക്ക് ചെലവഴിക്കാൻ ബാക്കിയുള്ളത്.
Story Highlights: IPL 2025 auction begins in Jeddah with record-breaking bids for players like Shreyas Iyer