കൊച്ചിയിൽ വാട്സ്ആപ് ഹാക്കിങ് വ്യാപകമാകുന്നതായി റിപ്പോർട്ടുകൾ. ഒരാളുടെ വാട്സ്ആപ് നമ്പർ ഹാക്ക് ചെയ്തതിനു പിന്നാലെ ആ ഫോണിലുള്ള മറ്റ് കോൺടാക്റ്റുകളുടെ വാട്സ്ആപ് ഹാക്ക് ചെയ്യുന്ന തട്ടിപ്പാണ് ആശങ്ക പടർത്തുന്നത്. കൊച്ചിയിൽ പിആർ മേഖലയിൽ ജോലി ചെയ്യുന്ന അജിത് കുമാർ എന്നയാൾ സൈബർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.
അജിത് കുമാർ ഉൾപ്പെടെയുള്ള പുതിയ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർക്കായി വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കാൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ ഫോണിലേക്ക് കൂട്ടത്തിലുള്ള ഒരാളുടെ ഫോണിൽ നിന്ന് ഒടിപി നമ്പർ ഫോർവേഡ് ചെയ്യാൻ ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചു. കൂടുതലൊന്നും ആലോചിക്കാതെ ഒടിപി അയച്ചുകൊടുത്തതോടെ അജിത് കുമാറിന്റെ വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടു. പിറ്റേന്ന് പരാതിക്കാരന്റെ ഫോണിൽ നിന്ന് നഗരത്തിലെ പ്രധാന ബാങ്കുകളിലൊന്നിലെ ഉന്നത ഉദ്യോഗസ്ഥന് യുപിഐ വഴി 10,000 രൂപ നൽകാൻ അഭ്യർത്ഥിക്കുന്ന സന്ദേശങ്ങൾ പോയി.
ഹാക്ക് ചെയ്യുന്ന നമ്പർ ഉൾപ്പെട്ട വിവിധ ഗ്രൂപ്പുകളിലേക്കും കോൺടാക്റ്റുകളിലേക്കും കടന്നുകയറാനും അവരെയെല്ലാം ഹാക്ക് ചെയ്യാനും കഴിയുമെന്നതാണ് അപകടം. കൂടാതെ, ഹാക്ക് ചെയ്യപ്പെട്ടാൽ വാട്സ്ആപ് മുഖേന പങ്കുവെയ്ക്കുന്ന സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോ എന്നിവയെല്ലാം തട്ടിപ്പുകാർക്ക് കിട്ടുകയും ചെയ്യും. ‘തന്റെ വാട്സാപ്പ് ഹാക്ക് ചെയ്തു’ എന്ന മുന്നറിയിപ്പ് മെസേജ് ഗ്രൂപ്പുകളിലും സുഹൃത്തുക്കൾക്കും അയച്ചാലും ഈ മെസേജ് തട്ടിപ്പുകാർ തന്നെ ഡിലീറ്റ് ചെയ്യും. ഹാക്ക് ചെയ്യപ്പെട്ട നമ്പർ തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തുകയാണെന്നും ഇതിന് സാധിച്ചില്ലെങ്കിൽ മെറ്റ കമ്പനിയെ അറിയിച്ച് തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Story Highlights: WhatsApp hacking scam spreads in Kochi, targeting contacts through compromised accounts