മുനമ്പം ഭൂമി തർക്കത്തിൽ സമവായ നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നു. വിവാദ ഭൂമിയിൽ സർവേ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. നാളെ നടക്കുന്ന ഉന്നതതല യോഗത്തിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭൂമിയിൽ ആർക്കൊക്കെ കൈവശാവകാശമുണ്ടെന്നത് ഉൾപ്പെടെ സർവേയിലൂടെ വ്യക്തമാക്കണമെന്ന് വഖഫ് ബോർഡ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.
ഡിജിറ്റൽ സർവേ നടത്തിയേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പ്രാഥമിക ആലോചനകൾ നടത്തിയതായും വിവരമുണ്ട്. ഫറൂഖ് കോളജ് വിഷയവുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപ്പീലിൽ, വഖഫ് ട്രൈബ്യൂണലിലെ കേസിൽ സർക്കാർ കൂടി കക്ഷിചേരാനും സാധ്യതയുണ്ട്.
മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ സർക്കാർ വിളിച്ച ഉന്നതതല യോഗം നാളെ വൈകിട്ട് നാല് മണിക്ക് സെക്രട്ടറിയേറ്റിലാണ് നടക്കുക. മുഖ്യമന്ത്രി, റവന്യൂ, നിയമ, വഖഫ് മന്ത്രിമാരും, ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. ഭൂമിയിൽ പ്രദേശവാസികൾക്കുള്ള റവന്യൂ അവകാശം എങ്ങനെ നൽകാമെന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. മുനമ്പത്തെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട റവന്യൂ രേഖകളും യോഗത്തിൽ ചർച്ച ചെയ്യും. മുനമ്പത്തെ ഭൂമിയിൽ നിന്നും ആരെയും ഇറക്കിവിടില്ല എന്ന നിലപാടിലാണ് സർക്കാരുള്ളത്. വിഷയം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നില്ല.
Story Highlights: Kerala government to hold high-level meeting to resolve Munambam land dispute through survey and consensus