ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയതിന് ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരമേറ്റ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഭരണഘടനയെ അവഹേളിച്ചതിന് രാജിവെക്കേണ്ടി വന്ന മന്ത്രിയെ തിരിച്ചെടുത്തത് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.
പൊലീസ് അന്വേഷണത്തിൽ സംഭവിച്ച ഗുരുതര വീഴ്ച ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണ് തെളിയിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്നും അദ്ദേഹം വിമർശിച്ചു. ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയ മന്ത്രിയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചുവെന്നത് ഗൗരവതരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി സർക്കാർ രാജ്യത്തിൻ്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിലകൽപ്പിക്കുന്നില്ലെന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് ഹൈക്കോടതിയുടെ വിധിയെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കോടതിവിധി മാനിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ ശക്തമായ ബഹുജനപ്രക്ഷോഭം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Story Highlights: BJP state president K Surendran demands removal of Saji Cheriyan from cabinet following High Court’s criticism