പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിങ് സമയം അവസാനിച്ചു. വിവാദങ്ങളും നേതാക്കളുടെ പാർട്ടി മാറ്റവും കൊണ്ട് കൂടുതൽ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് കാണാനായത്. ടോക്കൺ നൽകി വോട്ടുചെയ്യിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഇതുവരെ 70.22 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അണികളുടെ ആവേശത്തിന് അനുസരിച്ച് പോളിങ് ശതമാനം ഉയരാത്തത് മുന്നണികളുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നുണ്ട്.
നഗരമേഖലകളിൽ വോട്ടിങ് പൂർണമായിട്ടുണ്ട്. രാവിലെ ആറുമുതൽ തന്നെ പോളിങ് കേന്ദ്രങ്ങളിൽ നീണ്ടനിരയായിരുന്നു. എന്നാൽ, പിന്നീട് പോളിങ് മന്ദഗതിയിലേക്ക് മാറി. മണപ്പുള്ളിക്കാവ് ട്രൂലൈൻ പബ്ലിക് സ്കൂളിലെ 88-ാം നമ്പർ ബൂത്തിൽ വിവിപാറ്റ് മെഷീനിലുണ്ടായ തകരാർ വോട്ടെടുപ്പ് വൈകിപ്പിച്ചു. ഇവിടെ വോട്ട് ചെയ്യാനെത്തിയ എൽഡിഎഫ് സ്ഥാനാർഥി പി സരിൻ അരമണിക്കൂറോളം കാത്തുനിന്ന് മടങ്ങി. പിന്നീട് വൈകിട്ടാണ് സരിൻ വോട്ടുചെയ്തത്.
പാലക്കാട്ടെ വെണ്ണക്കരയിലെ 48-ാം നമ്പർ ബൂത്തിൽ സംഘർഷമുണ്ടായി. ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ച് ബിജെപി, എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ബൂത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തടയാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. സാങ്കേതിക പ്രശ്നങ്ങളാണ് ചില ബൂത്തുകളിൽ വോട്ടെടുപ്പ് വൈകാൻ കാരണമായത്. ആദ്യ മണിക്കൂറുകളിൽ വോട്ടർമാരുടെ തിരക്കുണ്ടായിരുന്ന നഗര മേഖലകളിൽ ഒൻപത് മണിക്ക് ശേഷം വോട്ടെടുപ്പ് മന്ദഗതിയിലായി. എന്നാൽ, ഗ്രാമ മേഖലകളിൽ ഭേദപ്പെട്ട നിലയിലാണ് പോളിങ്.
Story Highlights: Palakkad byelection 2024 polling concludes with 70.22% turnout amid controversies and technical issues