കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ചികിത്സ തേടിയ യുവതിക്ക് കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനിയുടെ മരണ സംഭവത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കേസെടുത്തത്. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിൽ നിന്നും 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
നവംബർ 4 ന് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നവംബർ 19 ന് യുവതി മരിച്ചു. രോഗ നിർണയം നടത്തിയില്ലെന്നാണ് പരാതി. ഭർത്താവ് ഗിരീഷ് സമർപ്പിച്ച പരാതിയിൽ, രജനിക്ക് ഗില്ലൈൻബാരി സിൻഡ്രോം എന്ന ഗുരുതര രോഗമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ മനോരോഗ ചികിത്സയാണ് നൽകിയതെന്നും പറയുന്നു. നാലുദിവസങ്ങൾക്ക് ശേഷം രോഗം കണ്ടുപിടിച്ചപ്പോൾ ന്യുമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. മൂന്നു കുട്ടികളുടെ അമ്മയായിരുന്നു രജനി.
സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മൃതദേഹവുമായി ബിജെപി പ്രതിഷേധം നടത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹവുമായാണ് കുടുംബവും ബിജെപിയും പ്രതിഷേധിച്ചത്. ചികിത്സാ പിഴവെന്ന ആരോപണം അന്വേഷിക്കാമെന്ന് സൂപ്രണ്ട് സമ്മതിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം അവസാനിപ്പിച്ചു. ചികിത്സാ വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും മെഡിക്കൽ റിപ്പോർട്ട് ഡി എം ഇ ക്ക് കൈമാറിയതായും സൂപ്രണ്ട് അറിയിച്ചു.
Story Highlights: Human Rights Commission orders investigation into death of young woman at Kozhikode Medical College due to alleged medical negligence