സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘സമന്വയം’ പദ്ധതിയുടെ തിരുവനന്തപുരം തീരദേശ മേഖലയിലെ തൊഴിൽരഹിതർക്കായുള്ള രജിസ്ട്രേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം വള്ളക്കടവ് കൺവെൻഷൻ സെന്ററിൽ കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ റഷീദ് നിർവ്വഹിച്ചു. സംസ്ഥാനത്തെ നാൽപ്പത്താറ് ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി കൂടുതൽ ജനകീയമായ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കുമാണ് കമ്മീഷൻ നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്മീഷനിലേക്ക് പരാതി നൽകുന്നത് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി വാട്ട്സ് ആപ്പിലൂടെ പരാതി സ്വീകരിക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും സംസ്ഥാനത്താദ്യമായാണ് ഒരു കമ്മീഷൻ വാട്ട്സ് ആപ്പിലൂടെ പരാതികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമന്വയം രജിസ്ട്രേഷൻ ക്യാമ്പയിനുകൾ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18 നും 59 നും വയസ്സിനുമിടയിൽ പ്രായമുള്ള അഭ്യസ്തവിദ്യർക്ക് ഈ പദ്ധതി ഗുണപ്രദമാകുമെന്നും 2024 ഡിസംബർ മാസത്തിനുള്ളിൽ ഒരു ലക്ഷം തൊഴിൽരഹിതർക്ക് പദ്ധതിയൂടെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ ഷാജിത നാസർ, സെറാഫിൻ ഫ്രെഡി, സമന്വയം ജില്ലാ കോ-ഓർഡിനേറ്റർ അബ്ദുൾ അയൂബ്, എം. കെ അഷ്റഫുദീൻ, മുഹമ്മദ് അലിം, എസ്.എം ഹനീഫ തുടങ്ങിയവർ സംസാരിച്ചു.
കേരള നോളജ് ഇക്കോണമി മിഷൻ പ്രതിനിധികളായ നിതീഷ് റ്റി. എസ്, ജസ്റ്റിൻ മാത്യു, ധന്യ പവിത്രൻ എന്നിവർ ഉദ്യോഗാർഥികൾക്കായി പദ്ധതിയും സേവനങ്ങളും പരിചയപ്പെടുത്തി. തൊഴിൽരഹിതരായ അഭ്യസ്തവിദ്യർക്ക് വൈജ്ഞാനിക തൊഴിൽ പരിചയവും നൈപുണ്യ പരിശീലനവും നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങളിലെയും സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങളിലെയും അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർ പദ്ധതിയുടെ ഗുണഭോക്താക്കളാകും. തിരുവനന്തപുരം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 480 ഉദ്യോഗാർത്ഥികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു.
Story Highlights: Kerala Minority Commission and Kerala Knowledge Economy Mission launch ‘Samanwayam’ project to provide job opportunities for minority youth