ആലപ്പുഴ കരൂരിലെ വിജയലക്ഷ്മിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ നവംബർ 7-നാണ് കൊലപാതകം നടന്നതെന്ന് പ്രതി ജയചന്ദ്രൻ വെളിപ്പെടുത്തി. വിജയലക്ഷ്മി മറ്റൊരാളോട് ഫോണിൽ സംസാരിച്ചതിലുള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നും, തുടർന്നുണ്ടായ തർക്കത്തിൽ വിജയലക്ഷ്മിയുടെ തല കട്ടിലിൽ ഇടിച്ചപ്പോഴാണ് മരണം സംഭവിച്ചതെന്നും പ്രതി മൊഴി നൽകി. മരണം ഉറപ്പിക്കാൻ കട്ടിംഗ് പ്ലയർ ഉപയോഗിച്ച് വീണ്ടും തലയ്ക്കടിച്ചതായും ജയചന്ദ്രൻ സമ്മതിച്ചു.
പ്രതിയുടെ അമ്പലപ്പുഴ കരൂരിലെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. തുടർന്ന് മൃതദേഹം അവിടെത്തന്നെ കുഴിച്ചിട്ടു. കുഴിച്ചിടുന്നതിന് മുമ്പ് വിജയലക്ഷ്മിയുടെ ആഭരണങ്ങൾ കൈക്കലാക്കുകയും പൂർണ്ണ നഗ്നയാക്കി കുഴിച്ചുമൂടുകയും ചെയ്തതായി ജയചന്ദ്രൻ വെളിപ്പെടുത്തി. നായ കുഴി മാന്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുഴിക്ക് മുകളിൽ സിമന്റ് തേച്ചതും താൻ തന്നെയാണെന്ന് പ്രതി സമ്മതിച്ചു. നവംബർ 8-നാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പുതിയ വീട് വെക്കാനുള്ള തറക്കല്ലിട്ടത്.
വിജയലക്ഷ്മിയെ കാണാതായതിനെ തുടർന്ന് ബന്ധുവാണ് പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോൾ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്. ശക്തികുളങ്ങരയിൽ നിന്നാണ് ജയചന്ദ്രനെ അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശിയായ ആളെയായിരുന്നു വിജയലക്ഷ്മി വിവാഹം ചെയ്തിരുന്നതെന്നും, ഭർത്താവുമായി അകന്നു കഴിഞ്ഞ ശേഷം കരുനാഗപ്പള്ളിയിൽ താമസമാക്കുകയും അമ്പലപ്പുഴക്കാരനായ ജയചന്ദ്രനുമായി അടുത്ത സൗഹൃദത്തിലാവുകയുമായിരുന്നു.
Story Highlights: Vijayalakshmi murdered in Ambalapuzha on November 7, body buried in suspect’s house